
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ 'പി.എം. ശ്രീ' പദ്ധതിയെച്ചൊല്ലി രാഷ്‌ട്രീയപ്പോര് കനക്കുന്നു. കരാറില്‍ ഒപ്പിട്ട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം മുന്‍സര്‍ക്കാരിലെ മന്ത്രിമാര്‍ തള്ളി. പദ്ധതി നടപ്പാക്കുമെന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ്-ബി.ജെ.പി. ധാരണയുടെ ഭാഗമാണെന്ന് സി.പി.എം. ആരോപിച്ചു. ഇതോടെ ദേശീയ വിദ്യാഭ്യാസ നയം, കേന്ദ്രഫണ്ട്, സമഗ്രശിക്ഷ എന്നിവയെ കേന്ദ്രീകരിച്ചുള്ള വിവാദം രാഷ്‌ട്രീയ ഏറ്റുമുട്ടലിന് വഴിമരുന്നായി.
പി.എം. ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും പദ്ധതിയില്‍ പ്രവേശിക്കാനുള്ള ഒരു നടപടിയും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രം തുടര്‍നടപടി ആവശ്യപ്പെട്ടപ്പോള്‍ അതിനു കഴിയില്ലെന്ന് കഴിഞ്ഞ നവംബര്‍ 12ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ധാരണാപത്രം ഒപ്പിട്ടശേഷം ലഭിച്ച തുക സമഗ്രശിക്ഷാ കേരളത്തിനുള്ള കേന്ദ്രവിഹിതമാണ്. അതു പി.എം. ശ്രീ ഫണ്ടല്ല. കുട്ടികളുടെ അവകാശങ്ങളുടെ ഭാഗമായി കേന്ദ്രം നല്‍കേണ്ട തുക മാത്രമാണ് അനുവദിച്ചത്. 2025-26 അധ്യയന വര്‍ഷത്തിനുള്ള ഒന്നാം ഗഡുവായി 92.41 കോടി രൂപയാണ് അനുവദിച്ചത്. വിവിധ ഇനങ്ങളിലായി കേരളത്തിന് ലഭിക്കേണ്ട തുകയില്‍ വലിയ കുറവ് വരുത്തിയാണ് കേന്ദ്രം ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വാദം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നു മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും പ്രതികരിച്ചു. കേന്ദ്രം അനുവദിച്ച 99 കോടി രൂപയും പിന്നീട് അനുവദിച്ച 106 കോടി രൂപയും സംസ്‌ഥാനത്തിന് അവകാശപ്പെട്ട സമഗ്രശിക്ഷാ ഫണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ കേന്ദ്രത്തിന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ കത്തയച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് സി.പി.എം. പുറത്തുവിട്ടു. പദ്ധതിയിലെ ആശങ്ക പരിശോധിക്കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ധാരണാപത്രം മരവിപ്പിക്കണമെന്നുമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നു കത്തില്‍ വ്യക്‌തമാക്കുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ രംഗത്തെത്തി. പി.എം. ശ്രീയില്‍ ഒപ്പിട്ട് പ്രതിസന്ധിയുണ്ടാക്കിയത് മുന്‍ സര്‍ക്കാരാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സാധിക്കില്ല. പദ്ധതിയില്‍ ഒപ്പുവച്ചതിനു പിന്നാലെ തടഞ്ഞുവച്ച സമഗ്രശിക്ഷാ ഫണ്ടിന്റെ ഒരു ഭാഗം കേന്ദ്രം അനുവദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ തടഞ്ഞുവച്ചിരുന്ന 99 കോടി രൂപയിലധികം സംസ്‌ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും 106 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ശേഷിക്കുന്ന 1100 കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പി.എം. ശ്രീ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്-ബി.ജെ.പി. ധാരണയുടെ ഭാഗമാണെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. വിഷയത്തില്‍ സി.പി.എം-ബി.ജെ.പി. ധാരണയെന്ന പ്രചാരണം നടത്തി രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ ശ്രമിച്ച യു.ഡി.എഫ്. ജനങ്ങളോടു മാപ്പുപറയണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.
സുനില്‍ ജെ. സണ്ണി






