
കൊച്ചി: ബസുകളില്‍ യാത്ര ചെയ്യുന്ന സ്‌ത്രീകളില്‍ 10 ശതമാനം മാത്രമാണ് ഉയര്‍ന്ന വരുമാനക്കാരെന്നും അവരുടെ പേരില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ സ്‌ത്രീ ജീവനക്കാര്‍ക്ക് ഉപകാരമാകുന്ന കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര പദ്ധതി മോശമെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി.
യാത്രക്കാര്‍ ഏത് വരുമാനക്കാരാണെന്ന് കണ്ടുപിടിക്കല്‍ ബുദ്ധിമുട്ടാണെന്നും ചീഫ് ജസ്‌റ്റിസ് സൗമെന്‍ സെന്‍, ജസ്‌റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് സൗജന്യ യാത്ര അനുവദിച്ചതെന്നും സ്‌ത്രീകള്‍ക്ക് വേണ്ടി ഇളവ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ജാജു ബാബുവിന്റെ വാദം. രാജ്യത്തെ കുറഞ്ഞത് എട്ട് സംസ്‌ഥാനങ്ങളിലെങ്കിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കേണ്ടതല്ലേ എന്നു കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി.






