
തിരുവനന്തപുരം: ധനമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിക്കുന്ന കന്നി ബജറ്റിന് ചരിത്രപരമായ കൗതുകങ്ങള്‍ അനവധി. നീണ്ട 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പറവൂരില്‍ നിന്നുള്ള നിയമസഭാംഗം സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. മുമ്പ് രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയില്‍ പറവൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന കെ.ടി. ജോര്‍ജ് ധനകാര്യ വകുപ്പ് മന്ത്രിയായി 1972 ഫെബ്രുവരി 25നായിരുന്നു തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.നാലാം കേരള നിയമസഭയില്‍ കോണ്‍ഗ്രസ് കക്ഷിയുടെ ഉപനേതാവ് കൂടിയായിരുന്ന അദ്ദേഹം 1965, 1967, 1971 തെരഞ്ഞെടുപ്പുകളില്‍ പറവൂരില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പറവൂരിന്റെതന്നെ പ്രതിനിധിയായ സതീശനിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്.
ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരള രാഷ്‌ട്രീയത്തില്‍ അപൂര്‍വമായൊരു നേട്ടവും മുഖ്യമന്ത്രി വി.ഡി. സതീശനെ തേടിയെത്തും. കേരളത്തില്‍ മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതിയാണ് സതീശന് സ്വന്തമാകുന്നത്. ഇതിനുമുമ്പ് ആര്‍. ശങ്കര്‍ (1963-64, 1964-65 ധനകാര്യ വര്‍ഷങ്ങളില്‍), പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി (2016-17 വര്‍ഷത്തില്‍) എന്നിവരാണ് മുഖ്യമന്ത്രിമാരായിരിക്കെ ബജറ്റ് അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ ഡോ. കെ.ജി. അടിയോടി, എം.കെ. ഹേമചന്ദ്രന്‍, എസ്. വരദരാജന്‍ നായര്‍, സി.വി. പത്മരാജന്‍, കെ. ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ എന്നിവരും വിവിധ ഘട്ടങ്ങളില്‍ ധനമന്ത്രിമാരായി ബജറ്റ് അവതരിപ്പിച്ചവരാണ്.
1957 ജൂണ്‍ 7നായിരുന്നു ഒന്നാം ഇ.എം.എസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ സംസ്‌ഥാനത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കൃത്യം 69 വര്‍ഷങ്ങള്‍ക്ക് ശേഷം, മറ്റൊരു ജൂണ്‍ മാസത്തില്‍ കേരളത്തിന്റെ 79ാമത് ബജറ്റാണ് വി.ഡി. സതീശന്‍ അവതരിപ്പിക്കുന്നത്. സംസ്‌ഥാനം രാഷ്‌ട്രപതി ഭരണത്തിലായിരുന്ന മൂന്ന് ഘട്ടങ്ങളില്‍ ബജറ്റ് പാസാക്കിയത് ലോക്‌സഭയായിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗം. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമ്പത്തിക ദിശ മാറ്റിയെഴുതാന്‍ പോകുന്ന ഈ വഴിത്തിരിവിനായി കാത്തിരിക്കുകയാണ് കേരളക്കര.






