
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ നേരിട്ട് വിളിച്ചുവരുത്തി യോഗം ചേര്‍ന്ന സംഭവം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വിശദീകരണത്തിനെതിരെ പിണറായി വിജയന് രംഗത്ത്. ഭരണകൂടത്തിന്റെ തലവനായ മുഖ്യമന്ത്രി പത്രങ്ങളിലൂടെയാണ് ഇത്രയും ഗൗരവമേറിയ ഒരു കാര്യം അറിയുന്നത് എന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍, മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതല. അതിന് വിരുദ്ധമായ ഏത് നീക്കവും ജനാധിപത്യ വ്യവസ്ഥിതിയുടെ ലംഘനമാണെന്നും, മുഖ്യമന്ത്രിയെപ്പോലും അറിയിക്കാതെ ഉദ്യോഗസ്ഥര്‍ ഗവര്‍ണറുടെ യോഗത്തില്‍ പങ്കെടുത്തത് ദുരൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഭരണം നിയന്ത്രിക്കുന്നത് ആരാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
പ്രതിപക്ഷം ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഈ വീഴ്ചയെ ലഘൂകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറി വഴി കത്തയച്ചു എന്ന് അവകാശപ്പെടുമ്പോഴും ആ കത്തിന്റെ ഉള്ളടക്കം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഗവര്‍ണറോട് നേരിട്ട് എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള ഭയം കൊണ്ടാണോ മുഖ്യമന്ത്രി കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രതികരണം പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി നേരിട്ട് കത്തയച്ച് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവര്‍ണറെയും അദ്ദേഹത്തിന് പിന്നിലെ രാഷ്ട്രീയ ശക്തികളെയും ഭയമാണോ എന്ന് അദ്ദേഹം ചോദിച്ചു. ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ചത് താന്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ് എന്ന കീഴടങ്ങല്‍ പ്രഖ്യാപനമാണ്.
ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥരല്ല, മറിച്ച് രാഷ്ട്രീയ നേതൃത്വമാണ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുതാത്പര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ മൃദുസമീപനം ദയനീയമായ കീഴടങ്ങലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.






