
ഗ്വാഡലഹാര: ഏഷ്യന്കരുത്ത് ദക്ഷിണകൊറിയയെ ഒരുഗോളിന് കീഴ്പ്പെടുത്തി ലോകകപ്പിനെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ആദ്യ ടീമായി മെക്സിക്കോ. വെള്ളിയാഴ്ച ഗ്വാഡലഹാരയില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലൂയിസ് റോമോ നേടിയ ഗോള്‍ മെക്സിക്കോയ്ക്ക് മൂന്ന് പോയിന്റും വിജയവും സമ്മാനിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ കൊറിയന്ടീം പാഴാക്കി. സൗത്ത് കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സെയുങ്-ഗ്യു വരുത്തിയ ഗുരുതരമായ പിഴവാണ് റോമോയ്ക്ക് ഗോള്‍ നേടാന്‍ വഴിതുറന്നത്. ഉയര്‍ന്നു വന്ന പന്ത് കിം കൈപ്പിടിയിലൊതുക്കിയെങ്കിലും, സഹതാരം ലീ ജി-ഹ്യോകുമായുള്ള കൂട്ടിയിടിയില്‍ പന്ത് കൈവിട്ടുപോയി. അത് ലൂയിസ് റോമോയുടെ മുന്നിലേക്കാണ് കൃത്യമായി വീണത്, റോമോ പന്ത് ഒരു ഒഴിഞ്ഞ വലയിലേക്ക് സൈഡ്-ഫൂട്ട് ചെയ്ത് എത്തിച്ചു.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇരുപക്ഷത്തുനിന്നും ആവേശകരമായ മുന്നേറ്റങ്ങളാണ് കണ്ടത്. സമനില പിടിക്കാന്‍ സൗത്ത് കൊറിയയ്ക്ക് രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. റഫറി ഫുള്‍ ടൈം വിസില്‍ മുഴക്കുന്നതിന് തൊട്ടുമുമ്പ് ചോയുടെ ക്ലോസ്-റേഞ്ച് ഹെഡര്‍ പുറത്തേക്ക് പോയി. അതിന് മുമ്പ് ഇഞ്ചുറി സമയത്ത് കൊറിയയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചിരുന്നു. കിട്ടിയ ഒരു ഫ്രീ ഹെഡറില്‍ കിം മിന്-ജെയ്ക്ക് ലക്ഷ്യം കാണാനായില്ല. ഇതോടെ മെക്സിക്കോ മൂന്ന് പോയിന്റും സ്വന്തമാക്കി.






