
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിനെതിരെ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തു. ഐടി നിയമപ്രകാരമാണ് നടപടി. തന്റെ സുഹൃത്തുക്കളുടെ നഗ്‌നവിഡിയോകള്‍ നിഹാദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പരാതിയെത്തുടര്‍ന്ന് 'തൊപ്പി ഗ്യാങ്ങിനെതിരെ' സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടിട്ടുണ്ട്. പോക്‌സോ കുറ്റകൃത്യങ്ങള്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം, മാനസികശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിലാണ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് കുട്ടികള്‍ പിന്തുടരുന്ന ഒരു സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
തൊപ്പിയും സുഹൃത്തുക്കളും തമ്മിലുണ്ടായ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലേക്കും കേസിലേക്കും നയിച്ചത്. സുഹൃത്തുക്കള്‍ തന്റെ വീട്ടില്‍ ലഹരിമരുന്ന് എത്തിച്ചതായി തൊപ്പി ആരോപിച്ചപ്പോള്‍, തൊപ്പി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് പോലും അതിക്രമം കാണിച്ചെന്നും സുഹൃത്തുക്കള്‍ തിരിച്ചു വിഡിയോയിലൂടെ ആരോപിച്ചു. തൊപ്പിയുടെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുന്ന ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ലൈവ് വിഡിയോകള്‍ പരിധിവിട്ട് സമൂഹത്തില്‍ മോശം സ്വാധീനമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയമനടപടിയുണ്ടായത്.






