
ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി സജ്ജീകരിച്ചിട്ടുള്ള 5,440 കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമായി 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത്തവണ അതീവ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) വ്യക്തമാക്കി. പൂര്‍ണ്ണമായും സുതാര്യവും നീതിയുക്തവും വിദ്യാര്‍ഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് എന്‍ടിഎ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി 51,311 ജാമറുകളും 1,38,560 സിസിടിവി കാമറകളും പരീക്ഷാകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി നിരീക്ഷണവും രണ്ട് ഇന്‍വിജിലേറ്റര്‍മാരുടെ സേവനവും ഉണ്ടാകും. കൂടാതെ, സംശയാസ്പദമായ നീക്കങ്ങളുണ്ടായാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ സഹായവും തേടും. ബയോമെട്രിക് വെരിഫിക്കേഷനായി 48,448 ഉദ്യോഗസ്ഥരെയും കടുപ്പമേറിയ ദേഹപരിശോധനകള്‍ക്കായി 38,795 ജീവനക്കാരെയുമാണ് എന്‍ടിഎ നിയോഗിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം. രാവിലെ 11.30 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് കൃത്യം 1.30ന് പരീക്ഷാകേന്ദ്രങ്ങളുടെ കവാടങ്ങള്‍ അടയ്ക്കുന്നതായിരിക്കും. ഇതിനുശേഷം എത്തുന്ന ഒരു വിദ്യാര്‍ഥിയെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.






