
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റിലെ തീരുമാനം വലിയ വിവാദങ്ങളിലേക്ക്. ഈ പ്രഖ്യാപനത്തില്‍ എക്‌സൈസ് വകുപ്പ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം അതേപടി തുടരേണ്ടതില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. നികുതി കുറച്ച കാര്യം വകുപ്പ് അറിഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ബജറ്റില്‍ വന്നിരിക്കുന്നത് ധനകാര്യ വകുപ്പിന്റെ തീരുമാനമാണെന്നും യുഡിഎഫിന്റെ പുതിയ മദ്യനയം നിലവില്‍ വന്നിട്ടില്ലെന്നും കേരളത്തിന് അനുയോജ്യമായ നയം രൂപീകരിക്കുന്നതേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നികുതി ഘടന കുറച്ചത് വലിയ അഴിമതിക്ക് വഴിയൊരുക്കുന്ന നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ മംഗലാപുരത്ത് പോയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനമെന്നും അദ്ദേഹം പരിഹസിച്ചു. വരും ദിവസങ്ങളില്‍ നിയമസഭയിലുള്‍പ്പെടെ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം അഴിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് പുറമേ മതസാമൂഹിക സംഘടനകളും സര്‍ക്കാരിനെതിരെ രംഗത്തുവന്നത് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലഹരികള്‍ക്കെതിരെ 'വാരിയേഴ്‌സിനെ' (ലഹരിവിരുദ്ധ പോരാളികള്‍) സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, മദ്യത്തിന്റെ കാര്യത്തില്‍ 'കാരിയേഴ്‌സിനെയും' അടിമകളെയും സൃഷ്ടിക്കുന്ന നയത്തിലേക്ക് പോകരുതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) മുന്നറിയിപ്പ് നല്‍കി. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം കടുത്തതോടെ പുതിയ നികുതി പരിഷ്‌കാരം സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.






