
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സിനിമാ സാംസ്ക്കാരികമേഖലയെ ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതികളുടെ പ്രഖ്യാപനം. മലയാള സിനിമയുമായി ബന്ധപ്പെട്ട പല പദ്ധതികളും ഇതിലുണ്ട്. കൊച്ചിയില്‍ ജെസി ഡാനിയേല്‍ ഫിലിംസിറ്റിയും ചിത്രനഗരം പദ്ധതിയും കോഴിക്കോട് എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സലിംകുമാറിന്റെ പേരില്‍ സ്മാരകം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. എം. ടി.സ്മാരക കൾച്ചറൽ പാർക്കിൽ ലൈബ്രററി, തിയേറ്റർ, ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം, ഏഴുത്തുകാരുടേയും മറ്റ് പ്രതിഭകളുടെയും ശബ്ദമ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, വിശ്രമ വേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങൾ, ഫുഡ്കോർട്ടുകൾ, പുസ്തകശാലകൾ, എന്നിവ ഇതിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എംടി.യുടെ നാമത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ചിത്ര നഗരം പദ്ധതി കൊച്ചിയില്‍ തുടങ്ങും. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമിയും ആരംഭിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടി രൂപയും വകയിരുത്തുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം സ്ഥാപിക്കുന്നതിന് സഹായ ധനമായി ഒരു കോടി രൂപ നൽകും.
തൃശുര് തേക്കിന്‍ക്കാട് മൈതാനം നവീകരിക്കാന്‍ പത്ത് കോടി രൂപ വകയിരുത്തി. കേരളത്തിന്റെ ഭക്ഷണ സംസ്കാരം പരിപാലിക്കുന്നതിനും കൈമാറുന്നതിനുംപാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.






