
തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകമാരിടൈം ഭൂപടത്തില്‍ വന്‍ശക്തിയായി ഉയര്‍ത്തുന്നതിനുള്ള വന്‍കിട പദ്ധതിയായ മിഷന് സമുദ്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിലാണ് പ്രഖ്യാപനം. പോര്‍ട്ട് സിറ്റി ഉള്‍പ്പെടുന്ന മിഷന് സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ 600 കി.മീ. നീളം വരുന്ന തീരദേശം, തുറമുഖം, ജലസ്രോതസ് തുടങ്ങിയവയെ സംയോജിപ്പിച്ചുള്ള പരിപാടിയില്‍ വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനല്‍, 17 നോണ്‍മേജര്‍ തുറമുഖങ്ങള്‍, ജലസ്രോതസുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് പദ്ധതി. വന്‍കിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. മദര്‍ഷിപ്പ് നിര്‍മ്മാണം അവരുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിട്ട് കപ്പല്‍നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കും. തീരദേശെത്ത സാധാരണക്കാര്‍ക്ക് കൂടുതല്‍ മുന്‍ഗണന വരുന്നരീതിയില് ഇവിടെ തൊഴിലവസരങ്ങള്‍ കൂട്ടാനുള്ള നടപടികളും സൃഷ്ടിക്കും.
കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ എന്നിങ്ങനെയുള്ള നോണ്‍മേജര്‍ തുറമുഖങ്ങളുടെ വികസനം സാധ്യമാക്കും. ഇത് കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തിനും ലോജിസ്റ്റിക് കപ്പല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭയാസം, മാരിടൈം മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തി മാരിടൈം പോളിസി രൂപീകരിക്കും. ഇതിനായി തുറമുഖഭൂമി, കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവ പ്രയോജനപ്പെടുത്തും.
ഗ്രീന്‍ ബങ്കറിംഗ് സേവനം നല്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും. രാജ്യത്തെിന്റെ വിവിധഭാഗങ്ങളുമായി വിഴിഞ്ഞം ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിനെ ബന്ധിപ്പിക്കുന്നതിനായി ബാലരാമപുരം - വിഴിഞ്ഞും ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതികള്‍ക്കായുള്ള സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടപ്പാക്കും. കേരളത്തെ ഒരു പോര്ട്ട്സിറ്റിയായി വിഭാവനം ചെയ്ത് റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാത, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.






