
റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് എന്ന ഗായിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട് അവതാരികയായും മോഡലായും അഭിനേത്രിയായുമെല്ലാം അഭിരാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. സ്റ്റേജ് ഷോകളും വ്ലോഗിങ്ങുമൊക്കെയായി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഭിരാമി. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭിരാമി കൊച്ചിയില്‍ കഫെ യുട്ടോപിയ എന്ന ബിസിനസ് സംരംഭം ആരംഭിച്ചത്. ഇപ്പോഴിതാ കഫെ യുട്ടോപിയയിലെ തന്റെ പ്രിയപ്പെട്ട ഷെഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അഭിരാമി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
'' ചില ആളുകള്‍ നമ്മുടെ ടീമില്‍ ചേരുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ, നമ്മുടെ കുടുംബമായി മാറുന്നു. പ്രപഞ്ചം ചില വ്യക്തികളെ നമ്മുടെ ജീവിതത്തിലേക്ക് അയക്കുന്നത് ഒരു പ്രത്യേക കാരണത്താലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളൊന്ന് കാലിടറി വീഴുമ്പോള്‍ അത് മുന്നോട്ട് നയിക്കാന്‍ അവര്‍ അവിടെയുണ്ടാകും, കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ അവര്‍ നമ്മുടെ ഏറ്റവും വലിയ കരുത്തായി മാറും.
അങ്ങനെയുള്ള ഒരാള്‍ക്കായി ഇതാ ഒരു കുറിപ്പ്. 'യുട്ടോപിയ'യുടെ ഏറ്റവും ശക്തമായ തൂണുകളില്‍ ഒരാള്‍, ഞങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ഷെഫ്. എന്റെ പ്രിയപ്പെട്ട ഷെഫിന് ജന്മദിനാശംസകള്. നിങ്ങള്‍ പാകം ചെയ്യുന്ന ഭക്ഷണത്തെപ്പോലെ രുചികരവും, നിങ്ങള്‍ പ്രാവീണ്യം നേടിയ വിഭവങ്ങളെപ്പോലെ സമൃദ്ധവും, നിങ്ങളുടെ ഹൃദയത്തിലുള്ള കാരുണ്യം പോലെ മനോഹരവുമായിരിക്കട്ടെ നിങ്ങളുടെ ജീവിതം.
ഈ വര്‍ഷവും എപ്പോഴും സന്തോഷവും, നല്ല ആരോഗ്യവും, വിജയവും, ഒരുപാട് പുഞ്ചിരിക്കാനുള്ള കാരണങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതിന് ഒത്തിരി നന്ദി'', എന്നാണ് അഭിരാമി കുറിച്ചത്. ഷെഫിന്റെ കുടുംബത്തിനൊപ്പമുളള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.






