
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാളസിനിമയ്ക്ക് നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞും സര്‍ക്കാരിനെ പിന്തുണച്ചും നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ജെ.സി ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നുളള സര്‍ക്കാരിന്റെ പ്രഖ്യാപനം സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് നടന്‍ പ്രതികരിച്ചു. ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സിനിമമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി’ പൃഥ്വിരാന്റെ വാക്കുകൾ.
നേരത്തെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ മോഹന്‍ലാലും സ്വാഗതം ചെയ്തിരുന്നു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപുര്‍വ്വം സ്വാഗതം ചെയ്യുന്നു, ഈ തീരുമാനം , സിനിമമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.






