
അമ്മയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ നടി അന്‍സിബയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. കൃത്യതയോടെ, വ്യക്തമായിട്ടാണ് അന്‍സിബ സംസാരിക്കുന്നതെന്നും നേതൃനിരയില്‍ ഉളള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അന്‍സിബയില്‍ കണ്ടതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കൃത്യമായ രാഷ്ട്രീയബോധ്യമുളള ആവശ്യങ്ങളാണ് അന്‍സിബ ഉന്നയിക്കുന്നതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.
ശാരദക്കുട്ടിയുടെ കുറിപ്പ്:
ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അൻസിബ സംസാരിക്കുന്നത്. നേതൃനിരയിൽ ഉള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അൻസിബയിൽ കണ്ടത്. തുടങ്ങേണ്ടതെവിടെ എന്നും അവസാനിപ്പിക്കേണ്ടതെങ്ങനെ എന്നുമുള്ള ഉൾബോധ്യത്തോടെ ഉള്ള സംസാരം. വ്യക്തി വൈരാഗ്യമോ പരപുഛമോ ഇല്ലാതെ തന്നെ അതൊക്കെ ധാരാളമുള്ള വ്യക്തികളെ നേരിടുക ചെറിയ കാര്യമല്ല. ജഗതിയുടെ പാട്ടിൽ പറയുന്നുതു പോലെ 'ഇളകിക്കുണുങ്ങിക്കുഴഞ്ഞുമറിയാതെ' തന്നെ സംസാരിക്കുന്നു. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവർ ഉന്നയിക്കുന്നത്.
A . M.M.A യിലെ പ്രശ്‌നങ്ങളെന്തായിരുന്നാലും ശരി അന്തസ്സോടെ സംസാരിക്കാനും നയിക്കാനും കഴിവുള്ളവർ അതിൻ്റെ തലപ്പത്തു വരട്ടെ.
താരങ്ങൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടുന്ന ഇന്നത്തെ അവസ്ഥ മാറണം. അതിന്, ഒരു സിനിമയുടെ പേരിൽ പോലും അറിയപ്പെടാ തെ, ലക്കും ലഗാനുമില്ലാതെ സംസാരിച്ച് ആളാകാൻ നോക്കുന്നവരെ അകറ്റി നിർത്തണം.






