
2026-27 സാമ്പത്തിക വർഷത്തേക്കുള്ള യു.ഡി.എഫ്. സർക്കാരിന്റെ പുതുക്കിയ ബജറ്റ് പൊതുവിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണന കാണിക്കുന്നതാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ദേശീയതലത്തിൽ മുൻനിരയിലെത്തിച്ച ധീരമായ നടപടികളൊന്നും പുതിയ ബജറ്റിൽ കാണാനില്ലെന്നും ഇത് യു.ഡി.എഫിന്റെ പ്രഖ്യാപന രാഷ്ട്രീയം മാത്രമല്ല, പൊതുവിദ്യാഭ്യാസത്തോടുള്ള യഥാർഥ അവഗണനയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം മിഷൻ, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, അധ്യാപക ശേഷി വർധന, യൂണിഫോം, പാഠപുസ്തക വിതരണം, ഡിജിറ്റൽ ക്ലാസ് മുറികൾ, എ.ഐ. ഉൾപ്പെടുത്തൽ തുടങ്ങിയ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തെ സ്പർശിക്കുന്ന നടപടികളാണ് എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയതെന്നും പട്ടികവർഗ്ഗ-പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പദ്ധതികൾ, സൗജന്യ യൂണിഫോം വിതരണം, സ്കൂൾ മാലിന്യ സംസ്കരണം, അധ്യാപക പരിശീലനം എന്നിവയ്ക്കും ഗണ്യമായ തുക വകയിരുത്തിയിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
യു.ഡി.എഫ്. ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രമായ ദർശനമോ പുതിയ ഗുണമേന്മാ പദ്ധതികളോ ഇല്ലെന്നും പ്രീ-പ്രൈമറി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അധ്യാപക ക്ഷേമത്തിനും ഡിജിറ്റൽ വിദ്യാഭ്യാസ വിപുലീകരണത്തിനും ഗൗരവമായ പ്രഖ്യാപനങ്ങളില്ലെന്നും അദ്ദേഹം വിമർശിച്ചു. ഉന്നത വിദ്യാഭ്യാസത്തിലോ മറ്റ് മേഖലകളിലോ ചില പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാന ജനകീയ വിദ്യാഭ്യാസം പൂർണമായും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ്. സർക്കാർ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി നടപ്പാക്കിയ സ്കൂൾ ഇൻഷുറൻസ് പദ്ധതിയും പുതിയ യു.ഡി.എഫ്. ബജറ്റിൽ അപ്രസക്തമാക്കിയെന്നും ഈ ബജറ്റ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയോടുള്ള യു.ഡി.എഫിന്റെ അവഗണനയുടെ തെളിവാണെന്നും ശിവൻകുട്ടി ആരോപിച്ചു. ജനകീയ വിദ്യാഭ്യാസത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന എൽ.ഡി.എഫ്. ഭരണത്തിന്റെ നേട്ടങ്ങളെ ഈ ബജറ്റിന് മറികടക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.






