
സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്. ചരിത്രത്തിലാദ്യമായി സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ ആരും അത് ചെവിക്കൊണ്ടിരുന്നില്ല. എന്നാൽ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി സതീശനും സിനിമാ-സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ആന്റോ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങള്‍. സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു.
വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളര്‍ച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളില്‍ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും. ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങള്‍ക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല. അതുപോലെതന്നെ മലയാളസിനിമയുടെ പിതാമഹന് ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സര്‍ക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്.
നമ്മുടെ സിനിമകളൊരുക്കാന്‍ മറ്റ് നാടുകള്‍ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തര്‍ദേശീയ സിനിമാ നിര്‍മാണത്തെ ആകര്‍ഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെല്‍ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവര്‍ത്തകര്‍ക്ക് നല്കുന്ന ആത്മവിശ്വാസവും ആര്‍ജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സര്‍ക്കാരിന് ഒരിക്കല്‍കൂടി കടപ്പാട്,സ്നേഹം...






