
ആണ്-പെണ് ഭേദമന്യേ പ്രായപൂര്‍ത്തിയായ ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായൊരു ജോലി. പഠനം കഴിഞ്ഞാലുടന്‍ മികച്ച കമ്പനികളിലേക്ക് ജോലിക്ക് അപേക്ഷ അയയ്ക്കുന്നതും ജോലി കിട്ടുന്നതും കമ്പനിക്കാര് ഒരാളിന്റെ റെസ്യൂമി റിജക്ട് ചെയ്യുന്നതുമൊന്നും പുതുമയുള്ള കാര്യമല്ല. ചിലപ്പോഴൊക്കെ ജോബ് റിജക്ഷന് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് പറയുന്നവരും കുറവല്ല.
എന്നാല്‍ ഇപ്പോഴിതാ തന്നെ റിജക്ട് ചെയ്ത കമ്പനിക്ക് അടിപൊളി മറുപടി നല്കിയ ഒരു യുവാവിന്റെ ഇ-മെയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏസൽ കാർമൈക്കൽ എന്ന വ്യക്തിയാണ് ജോലി നിരസിക്കൽ ഇമെയിലിന് കാഴ്ച്ചക്കാരെ അതിശയിപ്പിക്കുന്ന മറുപടി നല്‍കിയത്.
‘‘പ്രിയപ്പെട്ട ഹയറിംഗ് ടീം, എന്റെ അപേക്ഷ നിരസിക്കുന്നതിൽ നിങ്ങൾ കാണിച്ച താൽപ്പര്യത്തിന് നന്ദി. നിങ്ങളുടെ നിരസിക്കൽ ഇമെയിൽ ഞാൻ അവലോകനം ചെയ്തു, നിങ്ങളുടെ തീരുമാനമെടുക്കൽ പ്രക്രിയയും മറ്റ് കാൻഡിഡേറ്റ്സുമായി മുന്നോട്ട് പോകാനുള്ള പ്രതിബദ്ധതയും എന്നെ ആകർഷിച്ചു. എന്നിരുന്നാലും, ഈ വർഷം എനിക്ക് നിരവധി നിരസിക്കൽ ഇമെയിലുകൾ ലഭിച്ചു. അതിനാൽ, ശ്രദ്ധാപൂർവ്വം പരിഗണിച്ചതിന് ശേഷം, ഇപ്പോൾ നിങ്ങളുടെ നിരസിക്കൽ സ്വീകരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.
ഒരിക്കൽ കൂടി, എന്നെ നിരസിക്കാനുള്ള നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു, മറ്റ് കാൻഡിഡേറ്റ്സിനെ നിരസിക്കുന്നതിൽ നിങ്ങൾക്ക് എല്ലാ വിജയവും നേരുന്നു. ഉടൻ തന്നെ ആ ടീമിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നു....ആശംസകൾ....” എന്നാണ് ഏസൽ കാർമൈക്കൽ നല്കിയ കിടിലന്‍ മറുപടി. നിമിഷനേരം കൊണ്ട് ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിലും വലിയൊരു മറുപടി നല്‍കാനില്ലെന്നായിരുന്നു പലരും നല്കിയ കമന്റുകള്‍.






