
ബോളിവുഡിന്റെ താരറാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് കജോള്‍. കരിയറിന്റെ പീക്ക് ടൈമിലാണ് കജോള്‍ അജയ് ദേവ്ഗണിനെ വിവാഹം ചെയ്ത് കുടുംബിനിയായത്. പിന്നീടും കുടുംബവും കരിയറും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ കജോളിന് കഴിഞ്ഞു. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ കജോളിന്റെ അമ്മ തനൂജ അഭിനേത്രിയും അച്ഛന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവായ ഷോമു മുഖർജിയുമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണ് ഇവര്‍ രണ്ടാളുമെന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ ജന്മദിനത്തിൽ, സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ ഒരു ആദരാഞ്ജലി പങ്കുവയ്ക്കുകയാണ് കജോള്‍. താനെപ്പോഴും അച്ഛനെ മിസ് ചെയ്യാറുണ്ടെന്നും എങ്ങനെയാണ് അച്ഛനില്ലാതെ ഓരോന്നും ചെയ്യുകയെന്ന് അറിയില്ലെന്നും കജോള്‍ കുറിക്കുന്നു.
‘‘പ്രിയപ്പെട്ട അച്ഛാ, താങ്കളില്ലാതെ ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്കിപ്പോഴും അറിയില്ല...’’ എന്നെഴുതിയ ഒരു കുറിപ്പാണ് കജോള്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം പോസ്റ്റിന്റെ ക്യാപ്ഷനില്‍, ‘എല്ലാ ദിവസവും അച്ഛനെ മിസ്സ് ചെയ്യുന്നു...എന്നെന്നേക്കും അച്ഛന്റെ കൊച്ചു പെൺകുട്ടി...’ എന്നും കുറിച്ചിട്ടുണ്ട്. നിരവധി സഹതാരങ്ങളും ആരാധകരും താരത്തിന് സ്നേഹവും ആശ്വാസവും നല്കി കമന്റുകള്‍ കുറിക്കുന്നുണ്ട്.
പത്തർ കെ ഇൻസാൻ, സാങ്ദിൽ സനം, ലവർ ബോയ്, നൻഹ ശിക്കാരി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ഷോമു മുഖർജി പ്രശസ്തനായിരുന്നു. 64-ാം വയസ്സിലാണ് ഷോമു മുഖര്‍ജി അന്തരിച്ചത്. തന്റെ അച്ഛനെ മിസ് ചെയ്യാറുണ്ടെന്ന് പലപ്പോഴും കജോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവർ തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് താരം പലപ്പോഴും ഓർക്കാറുണ്ട്, ക്ഷമാപണമില്ലാതെ സ്വയം ആയിരിക്കാൻ പഠിപ്പിച്ചത് അച്ഛനാണെന്നും സിനിമാ വ്യവസായത്തിൽ എപ്പോഴും തന്നെ പിന്തുണച്ചതും സ്നേഹപൂര്‍വ്വം തന്നെ ‘പെണ്‍കടുവ’ എന്ന് വിളിച്ചിരുന്നതായും കജോള്‍ പറഞ്ഞിട്ടുണ്ട്. ബാസിഗറിലെ തന്റെ ബ്രേക്ക്ഔട്ട് വേഷം തെരഞ്ഞെടുക്കാന്‍ അച്ഛന്റെ ഉപദേശിച്ചതിനെക്കുറിച്ചും കജോള്‍ പറഞ്ഞിട്ടുണ്ട്.






