
അമ്മ സുനന്ദ ഷെട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ബോളിവുഡ് നടി ശില്പ ഷെട്ടി. അമ്മയുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
'' ഹാപ്പി ബര്‍ത്ത്ഡേ, അമ്മ. എന്റെ ഏറ്റവും വലിയ അനുഗ്രഹം, എന്റെ കരുത്ത്, എന്നെ ഏറ്റവും നന്നായി വിലയിരുത്തുന്നയാള്‍, എന്റെ ബെസ്റ്റ് ഫ്രണ്ട്, അധ്യാപിക, വഴികാട്ടി, എന്റെ ആത്മാവ്... എനിക്ക് എല്ലാം. നിങ്ങള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ഒട്ടും തികയില്ല. നിങ്ങളുടെ അനന്തമായ സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും മാറ്റമില്ലാത്ത പിന്തുണയ്ക്കും നന്ദി.
നിങ്ങള്‍ക്ക് മികച്ച ആരോഗ്യവും സമാധാനവും സന്തോഷവും ഉണ്ടാകാനും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാകാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കാരണം അമ്മയുടെ മുഖത്തെ പുഞ്ചിരിയേക്കാള്‍ വലുതായി എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. എന്നും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'' എന്നാണ് ശില്പ ഷെട്ടി കുറിച്ചത്. നിരവധി ആരാധകരാണ് ശില്പ ഷെട്ടി പങ്കുവച്ച പോസ്റ്റിന് താഴെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്.
ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ശില്പ ഷെട്ടി. 1993-ല്‍ ' ബാസിഗര്‍' എന്ന ഷാരൂഖ് ഖാന് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ശില്പ പിന്നീട് ഒരുപാട് ഹിറ്റ് സിനിമകളില്‍ നായികയായി. വര്‍ഷങ്ങള്‍ക്കിപ്പുറവും റിയാലിറ്റി ഷോ ജഡ്ജായും വെബ് സീരിസുകളിലൂടെയും ശില്പ ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുകയാണ്.






