
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് വലിയ തോതില്‍ നികുതിയിളവ് നല്കിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് രംഗത്ത്. പുതിയ തീരുമാനത്തിലൂടെ കേരളത്തില്‍ മദ്യം സുലഭമാക്കാനും അതുവഴി നാടുനീളെ മദ്യം ഒഴുക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യത്തിനാണ് ഇത്തരത്തില്‍ നികുതി കുറച്ചുനല്കിയിരിക്കുന്നത്. വലിയ രീതിയിലുള്ള അഴിമതിയാണ് ഈ ബജറ്റ് പ്രഖ്യാപനത്തിന് പിന്നിലുള്ള ലക്ഷ്യമെന്നും ഇതിലൂടെ പുതിയ തലമുറ വ്യാപകമായി മദ്യപാനത്തിലേക്ക് തിരിയുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കര്‍ണാടക മദ്യ ലോബിയാണ് ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇതിനായി എത്ര രൂപയുടെ കൊടുക്കല്‍ വാങ്ങലുകളാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് അടങ്ങിയ മദ്യത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വന്‍തോതില്‍ നികുതി ഇളവ് അനുവദിച്ചിരിക്കുന്നത്.
ഒരു പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ഈ നികുതിയിളവ് നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിരന്തരം പറയുന്ന ധനകാര്യമന്ത്രി, ഈ ഒരൊറ്റ തീരുമാനത്തിലൂടെ ഖജനാവിന് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ വരുമാന നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. മദ്യം വ്യാപകമായി ഒഴുക്കുന്നതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളില്‍ മദ്യത്തിനെതിരായി വലിയ രീതിയില്‍ പ്രസംഗം നടത്തി നടന്നവരാണ് ഇപ്പോള്‍ നാട് മുഴുവന്‍ മദ്യം സുലഭമാക്കാന്‍ സൗകര്യം ഒരുക്കുന്നത്. കേരളത്തിന് ഇത്രയും വലിയ സാമ്പത്തിക ബാധ്യതയും വരുമാന നഷ്ടവും വരുത്തിവെച്ചുകൊണ്ട് മദ്യ ലോബികള്‍ക്ക് അനുകൂലമായി എടുത്ത ഈ തീരുമാനത്തിന് പിന്നിലെ യഥാര്‍ത്ഥ ഇടപാടുകള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറയണമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.






