
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് മൈതാനിയില്‍ നടന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ‘സ്ലാപ്പ് ഗേറ്റ്’. 2008-ലെ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമാണ് ഹർഭജൻ സിങ് മുൻ ഇന്ത്യൻ മലയാളി താരം എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ചത്. ആ സംഭവമാണ് ‘സ്ലാപ്പ് ഗേറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്നത്. ആ തീ അണഞ്ഞു പോയെങ്കിലും അതിന്റെ ചൂടും പുകയും ഇന്നും അതേ രീതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.
അതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ദിവസം ശ്രീശാന്ത് നടത്തിയ ഒരു വെല്ലുവിളി. അടുത്തിടെ ശ്രീശാന്ത് പങ്കെടുത്ത ഒരു ഷോയ്ക്കിടെ താനും ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്സിങ് ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം സ്ക്രീനില്‍ കാണിച്ചിരുന്നു, അത് കണ്ട ശേഷം സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും ഹര്‍ഭജനായി ഓപ്പണ്‍ ബോക്സിങ് ചലഞ്ചുമാണ് ശ്രീശാന്ത് നടത്തിയത്. അതോടെ വീണ്ടും ‘സ്ലാപ്പ് ഗേറ്റ്’ വാര്‍ത്തകളില്‍ നിറഞ്ഞു.
ഇപ്പോഴിതാ ആ വീഡിയോയ്ക്ക് പിന്നാലെ പരോക്ഷ പരിഹാസവുമായി എത്തിയിരിക്കുകയാണ് മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് പേരെടുത്ത് പറയാതെയാണ് ഭജി മലയാളി താരത്തിന് മറുപടി നൽകിയത്.
‘‘ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നുണ്ടെങ്കിൽ അത് തുടരട്ടെ എന്ന് വെക്കുക, കാരണം ഒഴിഞ്ഞ പാത്രങ്ങളാണ് എപ്പോഴും കൂടുതൽ ശബ്ദമുണ്ടാക്കുന്നത് എന്ന് ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്...’’ എന്നാണ് ഷോര്‍ട്ട് വീഡിയോയില്‍ ഹര്‍ഭജന്‍ പറയുന്നത്. ശ്രീശാന്തിന്റെ പേര് ക്യാപ്ഷനിലോ വീഡിയോയിലോ പരാമർശിച്ചിട്ടില്ലെങ്കിലും ശ്രീശാന്തിന്റെ കടുത്ത വിമർശനങ്ങൾക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് ക്രിക്കറ്റ് ആരാധകർ ഉറപ്പിക്കുന്നുണ്ട്.
അടുത്തിടെ നടന്ന ഒരു ഷോയ്ക്കിടെയാണ് ഹർഭജൻ സിങ്ങിനെ ശ്രീശാന്ത് വെല്ലുവിളിച്ചത്. പരിപാടിക്കിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്സിങ് ഗ്ലൗസ് ധരിച്ചുനിൽക്കുന്ന പഴയൊരു പരസ്യചിത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഹർഭജനെ ശ്രീശാന്ത് റിങ്ങിലേക്ക് പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.
‘‘നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്. ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിച്ചുകൊണ്ടാണ് പറയുന്നത്. നിങ്ങൾ പുഞ്ചിരിക്കുക പോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം. ഇതൊരു തുറന്ന വെല്ലുവിളിയാണ്. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു, ഭാജി. നിങ്ങൾക്കും എനിക്കുമിടയിൽ ഇത്രയധികം പ്രശ്‌നമുണ്ടെങ്കിൽ നമുക്കത് തീർക്കാം. നിങ്ങൾ ഇത്രയും സമ്പാദിച്ചില്ലേ, ഞാനും സമ്പാദിക്കട്ടെ. റിങ്ങിലേക്ക് വരൂ. ഞാൻ ഹൃദയത്തിൽതട്ടിയാണ് പറുന്നത്. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ, പരസ്യങ്ങളും മറ്റും ചെയ്യുന്നത് നിർത്തൂ, എന്നിട്ട് നേർക്കുനേർ വരൂ. എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി, ദയവായി വരൂ. ഞാൻ കാത്തിരിക്കുന്നു....’’ എന്നാണ് ശ്രീശാന്ത് പറഞ്ഞത്.
2008 ഐപിഎല്ലിൽ കിങ്സ് ഇലവന്‍ പഞ്ചാബും, മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനു ശേഷം ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. എന്നാൽ, ഈ പിണക്കങ്ങളെല്ലാം മറന്ന് ശ്രീശാന്തും ഹര്‍ഭജനും ഒന്നിച്ചിരുന്നു. ഇരുവരും പൊതുപരിപാടികളിലും പരസ്യങ്ങളിലും ഒന്നിച്ച് ഭാഗമായിരുന്നു. അന്നത്തെ സംഭവത്തില്‍ താന്‍ വളരെയധികം ഖേദിക്കുന്നതായി ഹര്‍ഭജന്‍ സിങ് പലയിടങ്ങളിലും ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. വിവാദങ്ങള്‍ തണുത്തു എന്നു ആരാധകര്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് പുത്തന്‍ വെല്ലുവിളിയുമായി ശ്രീശാന്ത് വീണ്ടും എത്തിയിരിക്കുന്നത്.






