
കൊച്ചി: ലഭിച്ചുകൊണ്ടിരുന്ന ഉയര്‍ന്ന പി.എഫ്. പെന്ഷന് വെട്ടിക്കുറച്ച ഇ.പി.എഫ്.ഒ. നടപടി തടഞ്ഞ് ഹൈക്കോടതി. ലഭിച്ചുകൊണ്ടിരിക്കുന്ന പെന്ഷന് വെട്ടിക്കുറക്കാനാവില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
പെന്ഷന് കുറച്ചതിനെതിരേ വിവിധ സ്ഥാപനങ്ങളില്‍നിന്നു വിരമിച്ച ഒരുകൂട്ടം ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
2014 ഓഗസ്റ്റ് ഒന്നിനുശേഷം ഉയര്‍ന്ന വിഹിതമടച്ച് ഉയര്‍ന്ന പെന്‍ഷനായി അപേക്ഷ നല്കിയവരായിരുന്നു ഹര്‍ജിക്കാര്‍. ഇവര്‍ക്കു കഴിഞ്ഞ ഫെബ്രുവരിവരെ ഉയര്‍ന്ന പെന്ഷന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാര്‍ച്ച് മുതല്‍ പെന്ഷന് കുറച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2014 നുശേഷം ഉയര്‍ന്ന വിഹിതം അടച്ചവരാണെന്ന കാരണത്താലാണു പെന്‍ഷനില്‍ കുറവു വരുത്തിയത്. അടുത്തമാസം പരിഗണിക്കാനായി കേസ് മാറ്റി.






