
തിരുവനന്തപുരം: എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നിയമസഭാ മാര്‍ച്ചിനിടെ സമരക്കാര്‍ക്കെതിരേ പോലീസ് ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്നു പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയന് സഭയില്‍ കുപ്പിവെള്ളവുമായി എത്തിയാണ് ആരോപണം ഉന്നയിച്ചത്.
ജലപീരങ്കിയില്‍ ഉപയോഗിച്ച മലിനജലമാണ് കുപ്പിയിലെന്നു പറഞ്ഞ പിണറായി, മസ്തിഷ്കജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഭീഷണി നിലനില്‍ക്കെ സമരക്കാര്‍ക്കുനേരേ മലിനജലം പ്രയോഗിച്ചത് അപകടകരമാണെന്നും ആരോപിച്ചു.
അതേസമയം, വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറിലെ വെള്ളമാണ് ജലപീരങ്കിയില്‍ ഉപയോഗിച്ചതെന്നും മനഃപൂര്‍വം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല, പഴയ ടാങ്കില്‍നിന്ന് എടുത്ത വെള്ളമാകാം അതെന്നും ലാബില്‍ അയച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മറുപടി നല്കി. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പി.എം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇന്നലെ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നിയമസഭയിലേക്കു മാര്‍ച്ച് നടത്തിയത്. കെ. രാജന് എം.എല്‍.എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.






