
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്നതിനെച്ചൊല്ലി ആരോഗ്യമന്ത്രി കെ. മുരളീധരനും പ്രതിപക്ഷവും തമ്മില്‍ നിയമസഭയില്‍ വാക്പോര്. ആരോഗ്യവകുപ്പില്‍ കെടുകാര്യസ്ഥതയും ഏകോപനക്കുറവും മൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. ആരോപിച്ചു. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിന്റെ അവശിഷ്ടങ്ങളാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മന്ത്രി മുരളീധരന് തിരിച്ചടിച്ചു.
പകര്‍ച്ചവ്യാധികള്‍ ഏതെങ്കിലും മുന്നണി ഭരിക്കുന്നതിനാലല്ല ഉണ്ടാകുന്നതെന്നും ആരോഗ്യരംഗത്തെ കേരള മാതൃക ലോകം അംഗീകരിച്ച സംവിധാനമാണെന്നും റിയാസ് പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വെറും 35 ദിവസത്തിനിടെ ആരോഗ്യരംഗം തകര്ച്ചയിലേക്കാണെന്നു തെളിയുന്നതായും അദ്ദേഹം ആരോപിച്ചു. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും ചികിത്സാപ്പിഴവുകളും അനാസ്ഥയും വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ റിയാസ്, 101 ദിവസത്തേക്കാള്‍ വലുതാണ് 35 ദിവസം എന്ന് നിയമസഭയില്‍ തെളിയിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും പറഞ്ഞു.
ആരോഗ്യവകുപ്പില്‍ പറയുന്നതുപോലുള്ള ഭീകര സാഹചര്യമില്ലെന്ന് മന്ത്രി കെ. മുരളീധരന് മറുപടി നല്കി. പത്തു വര്‍ഷത്തെ റീല്‍സും അഞ്ചുവര്‍ഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ട യഥാര്‍ഥ പ്രശ്നമെന്നു മുരളീധരന് പരിഹസിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിസ്റ്റത്തിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ കസേരയില്‍ ഇരിക്കില്ല. ഭരണം മാറിയിട്ടും ചിലര്‍ കൂറ് കാണിച്ചപ്പോള്‍ കസേര മാറ്റിയിരുത്തി. ആവശ്യമെങ്കില്‍ ഇനിയും അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ ഇടപെട്ട പ്രതിപക്ഷനേതാവ് പിണറായി വിജയന്, ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചു. നിപ വൈറസ് വ്യാപനം നിയന്ത്രണവിധേയമായതും മരണങ്ങള് ഒഴിവാക്കാനായതും സ്വാഗതാര്‍ഹമാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ കാലതാമസം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ചിട്ടും ആരോഗ്യമന്ത്രി സ്ഥലത്തെത്താന്‍ വൈകിയെന്നും പ്രതിസന്ധിഘട്ടത്തില്‍ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രോഗം വന്നത് ആരെങ്കിലും ഭരിക്കുന്നതുകൊണ്ടല്ല, രോഗത്തിന്റെ പ്രഹരശേഷി കൊണ്ടാണ് മരണങ്ങള് ഉണ്ടായത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് തലത്തിലുള്ള സ്ഥലംമാറ്റങ്ങളും കസേരപ്പോരും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഡോ. റീനയുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ ബാഹ്യ ഇടപെടലുകളുടെ ഭാഗമാണെന്നും ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു. കാലവര്‍ഷത്തിന് മുമ്പ് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പി.എസ്.സി. നിയമനങ്ങള്‍ പോലും വൈകിപ്പിക്കുകയാണെന്നും ആരോപിച്ച പ്രതിപക്ഷം, പ്രതിഷേധസൂചകമായി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
''10 വര്‍ഷത്തെ റീല്‍സും അഞ്ചു വര്‍ഷത്തെ വീണമീട്ടലുമാണ് പ്രശ്നം''
തിരുവനന്തപുരം: പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരനും മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസും തമ്മില്‍ വാക്പോര്. ആരോഗ്യവകുപ്പില്‍ കെടുകാര്യസ്ഥതയാണെന്ന് ആരോപിച്ച റിയാസിന്, 10 വര്‍ഷത്തെ റീല്‍സും അഞ്ചുവര്‍ഷത്തെ വീണമീട്ടലും മാത്രമാണ് വകുപ്പു നേരിടുന്ന പ്രശ്നമെന്നു മന്ത്രി തിരിച്ചടിച്ചു.
പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരുമുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല തങ്ങള്‍ക്കെന്നു മുരളിയുടെ പഴയ പ്രസ്താവന ഓര്‍മിപ്പിച്ച് മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ആദ്യമാസങ്ങളില്‍ കോവിഡില്‍ ജീവന് പൊലിയാതിരിക്കാനുള്ള പോരാട്ടമാണു നടത്തിയത്. പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഈ സര്‍ക്കാരിന്റെ ആദ്യമാസം സാക്ഷ്യം വഹിക്കുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലെ തിരക്കിലാണ് ഭരണകക്ഷിയിലെ പലരും. ഡി.എച്ച്.എസില്‍ കസേരകളിയാണ്. ആരോഗ്യവകുപ്പിന് മറ്റുവകുപ്പുകളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാള്‍ ഭയക്കണമെന്നും റിയാസ് പറഞ്ഞു. ആരോഗ്യവകുപ്പ് നേരിടുന്ന ഏകപ്രശ്നം കഴിഞ്ഞ പത്ത് വര്‍ഷത്തെ റീല്‍സും അവസാന അഞ്ചുവര്‍ഷത്തെ വീണമീട്ടലുമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വ്യാധികള്‍ക്കെതിരേ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിപ രോഗിക്ക് 24 മണിക്കൂറിനുള്ളില്‍ റെംഡിസിവര്‍ മരുന്ന് ബഹ്റൈനില്‍നിന്ന് എത്തിച്ച് നല്കി. റിയാസ് മന്ത്രിയായിരുന്ന കാലയളവില്‍ ഈ മരുന്ന് സ്റ്റോക്ക് ചെയ്തിട്ടേയില്ല. ഭരണം മാറിയതറിയാതെ ചില ഉദ്യോഗസ്ഥര്‍ ചിലരോടു കൂറ് കാണിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കസേര മാറ്റിയിരുത്തി. അത് ഭാവിയിലും ഉണ്ടാകും. സിസ്റ്റത്തോടു സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ കസേരയിലിരിക്കില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഫെബ്രുവരിയില്‍ ആരാണ് അധികാരത്തിലിരുന്നതെന്നും മുരളീധരന് ചോദിച്ചു.






