
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അഴിമതിയോ നിയമവിരുദ്ധതയോ കാണാനാകില്ലെന്നു ചീഫ് ജസ്‌റ്റിസ് സൗമെന്‍ സെന്‍, ജസ്‌റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രിയദര്‍ശിനി പദ്ധതിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാറാണ് ഏറ്റെടുക്കുന്നത്. അതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്‌തമാക്കി.
സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളിലും സാമ്പത്തിക വിനിയോഗത്തിലും ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ട്. - കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ പഠനങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നാരോപിച്ച് കൊച്ചി സ്വദേശി മുഹമ്മദ് ഫിര്‍ദൗസാണ് ഹര്‍ജി സമര്‍പ്പിച്ചത്.






