
കോട്ടയം: ഷാപ്പിലെ ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ ആശുപത്രിയില്‍. കുമരകം പള്ളിക്കൂടംപറമ്പില്‍ പരേതനായ സാലിയുടെ മകന്‍ ജ്യോതിഷാ(41)ണ് മരിച്ചത്.
ഭക്ഷ്യവിഷബാധയാണു മരണകാരണമെന്നു സംശയം. വെള്ളിയാഴ്‌ച വൈകിട്ടാണു ജ്യോതിഷും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്ന പരാതിയെത്തുടര്‍ന്ന് ഷാപ്പ് അടപ്പിച്ചു.
കുമളി സ്വദേശികളായ മൂന്നു സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം ശിക്കാര ബോട്ടിലെ യാത്രക്കിടെ കോട്ടയം പരിപ്പ് തൊള്ളായിരം ഷാപ്പില്‍ നിന്ന് മീന്‍തലക്കറിയും കള്ളും വെള്ളിയാഴ്‌ച വൈകിട്ടു പാഴ്‌സല്‍ വാങ്ങിയിരുന്നു. ഇതില്‍ ജ്യോതിഷ് അടക്കം അഞ്ച് പേരാണ് തലക്കറി കഴിച്ചത്. വീട്ടിലെത്തിയ ഇവര്‍ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുമരകത്തെ എസ്.എച്ച്. ആശുപത്രിയിലും പിന്നീട് ഭാരത് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അഖില്‍, സുജിത്, നിഖില്‍, ഗിരീഷ് എന്നിവരും ചികിത്സയിലാണ്.
തലക്കറി കഴിക്കാത്ത രണ്ട് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അണുബാധയാണു മരണകാരണമെന്നാണു കണ്ടെത്തില്‍. വിദഗ്‌ധ പരിശോധനയ്‌ക്കായി ആന്തരിക അവയവങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. കോട്ടയം വെസ്‌റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിന്റെ വൈക്കം ഓഫീസിലെ ജീവനക്കാരനാണ് ജ്യോതിഷ്. ഭാര്യ: വീണ, കുമരകം കണ്ണാടിച്ചാല്‍ കളപ്പുര കുടുംബാംഗം. മക്കള്‍: രുദ്രപാല, രുദ്ര തീര്‍ത്ഥ്. മാതാവ് : പ്രവദ. സംസ്‌കാരം നടത്തി.






