
സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്നുവെന്ന് നടി കയാദു ലോഹര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ജീവിതത്തിന്റെ വേഗത അല്പം കുറയ്ക്കാനും കുറച്ചു സമയത്തേക്ക് ഡിജിറ്റൽ ലോകത്തു നിന്ന് മാറിനില്‍ക്കാനും, സ്‌ക്രീനുകള്‍ക്കപ്പുറമുളള ജീവിതത്തിലും തന്നില്‍ തന്നെയും കൂടുതല്‍ സമയം ചെലവഴിക്കാനും തോന്നുന്നുവെന്നാണ് നടി കുറിച്ചത്.
"സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു. ചിലപ്പോഴൊക്കെ നമ്മുടെ ശരീരത്തിന് നല്‍കുന്നതുപോലെ തന്നെ മനസ്സിനും വിശ്രമം ആവശ്യമാണ്. ജീവിതത്തിന്റെ വേഗത അല്പം കുറയ്ക്കാനും, കുറച്ചു സമയത്തേക്ക് ഡിജിറ്റല്‍ ലോകത്തുനിന്ന് മാറിനില്‍ക്കാനും, സ്‌ക്രീനുകള്‍ക്കപ്പുറമുളള ജീവിതത്തിലും എന്നില്‍ തന്നെയും കൂടുതല്‍ സമയം ചെലവഴിക്കാനും എനിക്കിപ്പോള്‍ തോന്നുന്നു.
എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇവിടെ സ്‌നേഹം പങ്കുവെക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങളും സ്‌നേഹവും എനിക്ക് എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് വാക്കുകള്‍ക്ക് അപ്പുറമാണ്. ഞാന്‍ കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കും, എങ്കിലും പ്രധാനപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ ടീം ഈ അക്കൗണ്ടിലൂടെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. എല്ലാവര്‍ക്കും ഒത്തിരി സമാധാനവും സന്തോഷവും നന്മയും നേരുന്നു, വീണ്ടും കാണാം" - കയാദു കുറിച്ചു.
"എന്താണ് പെട്ടെന്ന് ഇങ്ങനെ?" എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തുതന്നെയായാലും, ഉടനെ ഓക്കെയായി തിരിച്ചുവരൂ എന്ന് കമന്റ് ചെയ്യുന്നവരും ഏറെയാണ്.
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കയാദു ലോഹര്‍. 'മുഗില്‍പേട്ടെ' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കയാദു, 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയയാകുന്നത്. ചിത്രത്തിലെ 'നങ്ങേലി' എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തില്‍ ടൊവിനോ തോമസ്-ഡിജോ ജോസ് ആന്റണി ചിത്രമായ 'പള്ളിച്ചട്ടമ്പി'യിലാണ് ഒടുവില്‍ കയാദു അഭിനയിച്ചത്.






