മാഞ്ചസ്‌റ്റര്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിനു തോല്‍പ്പിച്ചു. ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 158 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക അവസാന ഓവറിലാണു ജയമറിഞ്ഞത്.
മാരിസാന കാപ് 45 പന്തില്‍ നാല് സിക്‌സറും ഏഴ് ഫോറുമടക്കം 81 റണ്ണുമായി പുറത്താകാതെനിന്നു. ശ്രീ ചരണി മൂന്ന് വിക്കറ്റെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഇന്ത്യക്കായി ഓപ്പണര്‍ ഷഫാലി വര്‍മ (15 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 31), ദീപ്‌തി ശര്‍മ (21 പന്തില്‍ 29), നായിക ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 24) എന്നിവര്‍ മാത്രമാണു തിളങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഗ്രൂപ്പ് 2 മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസ് അഞ്ച് വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ലങ്കന്‍ വനിതകള്‍ 98 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത വിന്‍ഡീസ് കളി തീരാന്‍ 23 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നീലാക്ഷിക സില്‍വ (26 പന്തില്‍ 30), കവിഷ ദില്‍ഹരി (20 പന്തില്‍ 21), ഇമേഷ ദുലാനി (17), കാവ്യ കാവിന്ദി (17) എന്നിവര്‍ മാത്രമാണു രണ്ടക്കം കണ്ടത്.






