
ഹൂസ്‌റ്റണ്‍: ഫുട്‌ബോള്‍ ലോകകപ്പ് എഫ് ഗ്രൂപ്പ് മത്സരത്തില്‍ സ്വീഡനെതിരേ ആധികാരിക ജയമാണു നെതര്‍ലന്‍ഡ്‌സ് കുറിച്ചത്‌്. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് വീതം നേടിയ നെതര്‍ലന്‍ഡ്‌സും ജപ്പാനും ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള അവകാശം ഉന്നയിച്ചു. സ്വീഡന്‍ മൂന്ന് പോയിന്റ് നേടിയപ്പോള്‍ ടുണീഷ്യക്ക് അക്കൗണ്ട് തുറക്കാനായില്ല. ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഡച്ചുകാര്‍ ആധിപത്യം സ്‌ഥാപിച്ചു. അഞ്ചാം മിനിറ്റില്‍ ബ്രിയാന്‍ ബ്രോബി അവരെ മുന്നിലെത്തിച്ചു. 17-ാം മിനിറ്റില്‍ ബ്രോബി തന്നെ ഡച്ചുകാരുടെ ലീഡ് ഇരട്ടിയാക്കി. 47, 54 മിനിറ്റുകളിലായിരുന്നു കോഡി ഗാക്‌പോയുടെ ഗോളുകള്‍. ഡച്ചുകാര്‍ 4-0 ത്തിനു തകര്‍ത്താടുന്നതിനിടെയാണു സ്വീഡന്‍ ആന്റണി എലാങ്കയിലൂടെ ഒരു ഗോള്‍ മടക്കിയത്. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ ക്രൈസെന്‍സിയോ സമ്മര്‍വീലിലൂടെ പട്ടികയും പൂര്‍ത്തിയായി. മൂന്ന് തവണ ഫൈനലില്‍ കടന്നിട്ടും കൈവിട്ട കിരീടത്തിനായുള്ള പോരില്‍ ഇത്തവണ മുന്നില്‍ തന്നെയുണ്ടെന്ന പ്രഖ്യാപനത്തിനാണു ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയം സാക്ഷിയായത്. ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയതിന്റെ ആഘാതം മറന്നാണു ഡച്ചുകാര്‍ കളം നിറഞ്ഞത്. ആന്റണി ഇസാക്, ആന്റണി എലാങ്ക, ഗൈക്കറോസ് തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും സ്വീഡന് ഒന്നും ചെയ്യാനായില്ല. തീര്‍ത്തും പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് റൊണാള്‍ഡ് കോയ്‌മാന്‍ ശിഷ്യരെ അണിനിരത്തിയത്. സ്വീഡിഷ് കോച്ച് ഗ്രഹാം പോട്ടറുടെ മധ്യനിരയില്‍ അഞ്ച് പേരെ കുത്തിനിറച്ച ശൈലിയെ മെരുക്കാന്‍ ഡച്ചുകാര്‍ക്കായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുകാരായ ഗാക്‌പോയും ബ്രോബിയും കാലിലേക്കെത്തുന്ന ഏതു പന്തും വലയിലേക്ക് തൊടുക്കാന്‍ തിടുക്കം കൂട്ടി.




