
1989 ല്‍ ലോഹിതദാസ് - സിബി മലയിൽ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകമനസ്സിലേക്ക് പെയ്തിറങ്ങിയ സിനിമയായിരുന്നു കിരീടം. മൂന്നു പതിറ്റാണ്ടകള്‍ക്ക് മുമ്പ് ബിഗ്സ്ക്രീനിലേക്കെത്തിയ സേതുമാധവനെയും കുടുംബത്തെയും അവരുടെ കുഞ്ഞു സന്തോഷങ്ങളെയും വലിയ നൊമ്പരങ്ങളെയും ഇരുകൈയും നീട്ടി കിരീടമണിയിച്ചാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മോഹൻലാലിന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ഈ ചിത്രം അന്നുമിന്നും പ്രേക്ഷകര്‍ സെലിബ്രേറ്റ് ചെയ്യുന്ന ചിത്രമാണ്.
റിലീസായി 36 വർഷങ്ങൾ പിന്നിടുമ്പോൾ കിരീടം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിന്റെ 4 കെ ട്രെയിലർ പുറത്തിറക്കി. അന്നതില്‍ അഭിനയിച്ച കുറെ താരങ്ങള്‍ അഭ്രപാളിയിലേക്ക് മറഞ്ഞു. ബാക്കിയുള്ളവര്‍ ട്രെയിലര്‍ റിലീസില്‍ ഒത്തുചേര്‍ന്നിരുന്നു. അവിടെയെത്തിയ മോഹന്‍ലാലും, പാര്‍വതിയും, ജഗദീഷും, മണിയന്‍പിള്ള രാജുവും എല്ലാം ചിത്രത്തെക്കുറിച്ച് വാചാലരായിരുന്നു. തനിക്ക് അത്രയേറെ പ്രിയപ്പെട്ട ചിത്രവും ക്യാരക്ടറുമാണ് ഇതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ജഗദീഷിനെയും മണിയന്‍ പിള്ള രാജുവിനെയും രസകരമായി ട്രോളുകയാണ് മോഹന്‍ലാല്‍. മുമ്പ് സംസാരിച്ച ജഗദീഷ് പറഞ്ഞ ഒരു കഥയുടെ ബാക്കിപത്രം പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ട്രോള്‍. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ജഗദീഷിനോടും മണിയന്‍പിള്ള രാജുവിനോടും പറയാമെന്നും അവരത് ആരോടും പറയില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘‘37 വര്‍ഷം കഴിഞ്ഞ് ഈ ചിത്രം വരുമ്പോള്‍ വലിയ സന്തോഷം. എനിക്ക് പേഴ്‌സണലി ഒത്തിരി പ്രിയപ്പെട്ട ചിത്രമാണ്. ഗ്ലിസറിനിടാതെ കരഞ്ഞു എന്നൊക്കെ ജഗദീഷ് പറയുന്നത് സത്യമാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് ജഗദീഷിനോടും മണിയന്‍പിള്ള രാജുവിനോടും പറയാം. അദ്ദേഹം ആരോടും പറയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. വേറെന്തോ കാര്യം പറയും എന്നോര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, കുറച്ച് കൂടുതല്‍ പറയാം. അങ്ങനെയൊന്നുമല്ല.
അവിടെ വെച്ച് ഇയാള്‍ തന്നെ പോയി രണ്ട് ഗ്ലാസെടുത്ത് വന്നു. എന്നിട്ട് അവിടത്തെ മേശപ്പുറത്ത് വെച്ചു. അമ്മയൊന്നും അറിയില്ല. അതൊക്കെ ഞാന്‍ നോക്കിക്കോളാം എന്നും പറഞ്ഞു. അപ്പോള്‍ അമ്മ ഇങ്ങനെ അതിലെ നടന്നുപോയി, ഇതാരാണ് ഇവിടെ രണ്ട് ഗ്ലാസ് വെച്ചിരിക്കുന്നത് എന്ന് ചോദിച്ച് അതെടുത്ത് കൊണ്ടുപോയി. എത്ര വലിയ രഹസ്യങ്ങളാണെങ്കിലും, ജഗദീഷിനോടും, മണിയന്‍പിള്ള രാജുവിനോടും പറയാം...’’ മോഹന്‍ലാല്‍ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് ജഗദീഷും മണിയന്‍പിള്ള രാജുവും മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടത്. സദസ്സും തങ്ങളുടെ പ്രിയതാരത്തിന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെ ഏറ്റെടുത്തു.
കിരീടം സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ ഓര്‍മ്മയാണ് ജഗദീഷ് പങ്കുവച്ചത്. കിരീടത്തിലെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തത് തന്റെ വീടിന് അടുത്തുവെച്ചാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആ സമയത്ത് തന്റെ വീട്ടിലായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
‘‘കിരീടമായി ബന്ധപ്പെട്ട് രസകരമായ ഒരു ഓര്‍മ ഞാന്‍ പങ്കുവയ്ക്കാം. കിരീടത്തില്‍ ലാല്‍ ഒരു കടവരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ തിലകന്‍ ചേട്ടന്‍ വന്ന് ടോര്‍ച്ച് അടിച്ചുനോക്കുന്ന സീനൊക്കെ എന്റെ വീടിന്റെ അടുത്ത് വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ വീട്ടിലായിരുന്നു അന്ന് ഇവരെല്ലാം ഉണ്ടായിരുന്നത്.
ഷൂട്ടിന്റെ ഇടവേളയില്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വളരെ പ്രഷ്യസ് ആയിട്ടുള്ള, ഒരു നിധി പോലുള്ള ഒരു സാധനം കൊണ്ടുവന്നു. പറങ്കിയണ്ടിയില്‍ വാറ്റിയ ഒരു പ്രത്യേക തരം ചാരായം. എന്റെ മദര്‍ ഇന്‍ ലോ ഹെഡ് മിസ്ട്രസ് ആയി റിട്ടയര്‍ ചെയ്ത ലേഡിയാണ്. വളരെ സ്ട്രിക്ട് ആണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇവരോട് ആരും അറിയാതെ നിങ്ങള്‍ മാനേജ് ചെയ്യണമെന്നൊക്കെ പറഞ്ഞു.
അതൊന്നും കുഴപ്പമില്ല, ഞങ്ങള്‍ ശ്രദ്ധിച്ചോളാമെന്നായി ഇവര്‍. വളരെ പ്രഷ്യസ് ആയി കൊണ്ടുവന്ന സാധനമാണ്. അത് ഇങ്ങനെ പ്രൊഡ്യൂസര്‍ ശ്രീ സെവന്‍ആര്‍ട്‌സ് വിജയകുമാര്‍ തൂക്കിപ്പിടിച്ച് കൊണ്ടുവരികയാണ്. അപ്പോള്‍ കോണ്‍ഫിഡന്‍സ് കുറച്ച് കൂടിയെന്ന് തോന്നുന്നു, കൈ ഇങ്ങനെ വീശി വന്നതും അത് വീടിന്റെ മുറ്റത്ത് തന്നെ ഇട്ട് പൊട്ടിച്ചു. എങ്ങനെയാണെന്ന് അറിയില്ല, സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അവിടുന്ന് അത് റിമൂവ് ചെയ്തു. പക്ഷേ എന്റെ മദര്‍ ഇന്‍ ലോ അകത്തുനിന്നും വന്നു. പുള്ളിക്കാരി കെമിസ്ട്രി അധ്യാപിക കൂടിയാണ്. പുള്ളി അകത്തുനിന്നും നടന്നുവന്നിട്ട് ഇവിടെ സ്പിരിറ്റ് മണക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല, തോന്നിയതായിരിക്കും. അല്ല സ്പിരിറ്റിന്റെ മണം എനിക്കറിയാം. ഉണ്ട്. മണക്കുന്നുണ്ടെന്ന് പറഞ്ഞു. മദ്യം ആണെന്ന് ഇമാജിന്‍ ചെയ്യുന്നില്ല. അതുകൊണ്ട് രക്ഷപ്പെട്ടു.
പക്ഷേ ആ സീനില്‍ റിയല്‍ ആയിട്ട് നമ്മുടെ കൂടെയുള്ള പല ആര്‍ടിസ്റ്റുകളും കരഞ്ഞുപോയി. കാരണം ഇത്രയും നല്ലൊരു ഡ്രിങ്ക് മിസായതില്‍ അവര്‍ക്കെല്ലാവര്‍ക്കും വലിയ സങ്കടമായി. അന്ന് ഗ്ലിസറിനില്ലാതെ നമ്മുടെ കൂടെയുള്ള പലരും കരയുന്നത് ഞാന്‍ കണ്ടു. ആ രംഗം ഇന്നും എന്റെ മനസിലുണ്ട്. കിരീടം എന്ന് പറയുന്നത് നമ്മുടെ മനസില്‍ അഭിമാനത്തിന്റെ കൂടി പ്രതീകമാണ്..’’ എന്നാണ് ജഗദീഷ് പറഞ്ഞത്. കിരീടം സിനിമയുടെ റി റിലീസുമായി ബന്ധപ്പെട്ട് നടന്ന ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
കിരീടം സിനിമയോട് തനിക്കുള്ള ആത്മബന്ധവും മോഹന്‍ലാല്‍ വേദിയില്‍ വച്ച് പങ്കുവച്ചു. ‘‘മലയാളികള്‍ ഇത്രയും സെലിബ്രേറ്റ് ചെയ്‌തൊരു സിനിമയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇപ്പോഴും അതേ സെലിബ്രേഷന്‍ എന്ന് പറയുന്നത് അത്ഭുതമാണ്. ചില കാര്യങ്ങള്‍ അങ്ങനെയാണ്. പകരം വെക്കാനില്ലാത്ത തരത്തില്‍ ചില അത്ഭുതങ്ങള്‍ നടക്കും.
അങ്ങനെ സിനിമയില്‍ നടന്ന അത്ഭുതമാണ് കിരീടം എന്ന ചിത്രം. കൂടെ അഭിനയിച്ച ആള്‍ക്കാരെക്കുറിച്ച് പറയുന്നില്ല. കാരണം അവരാരും നമ്മളെ വിട്ടുപോയിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാ ദിവസവും അവരെ കാണുന്നുണ്ട്. പക്ഷേ, നമ്മള്‍ അഭിനയിക്കുന്ന ഫ്രെയിമില്‍ അവരാരുമില്ല. അവരൊന്നും ജീവിച്ചിരിപ്പില്ലെന്ന് സങ്കടത്തോടെയാണ് മനസിലാക്കുന്നത്. അവരെ എല്ലാവരെയും മനസില്‍ ഓര്‍ക്കുന്നു. ഇങ്ങനെ പറയുമ്പോഴാണ് പല കാര്യങ്ങളും ഓര്‍ക്കുന്നത്. തൂവാനത്തുമ്പികളുടെ സെറ്റില്‍ വെച്ചാണ് ലോഹി എന്നോട് ഈ സിനിമയുടെ കഥ പറയുന്നത്. എല്ലാവരുമായിട്ടും വളരെയധികം സ്‌നേഹബന്ധം, അതിപ്പോഴും തുടരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. എനിക്കേറ്റവും സന്തോഷമുള്ള കാര്യം എന്ന് പറയുന്നത് അടുത്ത വര്‍ഷമായാല്‍ ഞാന്‍ സിനിമയില്‍ 50 വര്‍ഷമായി.
ആദ്യത്തെ ചിത്രം കഴിഞ്ഞാല്‍ രണ്ടാമത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് അവസാന ദിവസമാണ് പോയത്. അവിടെ ചെന്നപ്പോള്‍ എന്നോടൊരു സീന്‍ അഭിനയിക്കാന്‍ പറഞ്ഞു. അതൊക്കെ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ ഓരോരുത്തരും മാര്‍ക്കിട്ടു. അന്നെനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് തന്നത് സിബിയാണ്. നൂറില്‍ രണ്ട് മാര്‍ക്ക്, പില്‍ക്കാലത്ത് എനിക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ തന്നു. ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിരീടത്തിലൂടെയായിരുന്നു. അന്ന് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. അതുപോലെ ഭരതം, അതിലും നാഷണല്‍ അവാര്‍ഡ്, അതുകഴിഞ്ഞ് സ്‌റ്റേറ്റ് അവാര്‍ഡ്. സിബിയുമായി ഒത്തിരി സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം കേള്‍ക്കാതെ ഒരു ദിവസമെങ്കിലും മലയാളിക്ക് കടന്നുപോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല....’’ മോഹന്‍ലാല്‍ പറഞ്ഞു.






