
ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' ബാലന്‍ ദി ബോയ്'. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിനോദയാത്ര എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ചിദംബരത്തെ താന്‍ ആദ്യമായി കാണുന്നതെന്നും അനിയന്‍ ഗണപതി സിനിമയില്‍ അഭിനയിക്കുന്നത് കാണാന്‍ വന്ന ആ കുട്ടി തനിക്കും സിനിമയില്‍ തന്നെയാണ് താല്പര്യമെന്ന് തന്നോട് പറഞ്ഞതായും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.
' ബാലന്‍' കണ്ടപ്പോള്‍ പി.എന്‍.മേനോനേയും, ഭരതനേയും, കെ.ജി.ജോര്‍ജ്ജിനെയുമൊക്കെ തനിക്ക് ഓര്‍മ്മ വന്നെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലന്‍ എന്നാണ് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍. സിനിമയുടെ സംവിധായകന്‍ ചിദംബരം, തിരക്കഥാകൃത്ത് ജിത്തു മാധവന്‍, അഭിനേതാക്കള്‍ തുടങ്ങി സിനിമയുടെ അണിയറപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്.അന്ന് ചിദംബരം വെറും'ബാലൻ' തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി! സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലൻ കണ്ടപ്പോൾ എനിക്ക് പി . എൻ.മേനോനേയും, ഭരതനേയും, കെ.ജി.ജോർജ്ജിനേയുമൊക്കെ ഓർമ്മ വന്നു.
ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച!
ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർഹാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ.
ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എൻ്റെ സ്നേഹം.
ഫര്‍സാന, ആദിശേഷ്, ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജിത്തു മാധവന്‍ തിരക്കഥ രചിച്ച ചിത്രത്തിന് ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.






