
മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായുളള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സംയുക്ത. ഇപ്പോള്‍ സുഹൃത്തും നടിയുമായ മഞ്ജുവാര്യരെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മഞ്ജുവിനെ താന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുകയെന്നും എന്നാല്‍ മഞ്ജുവിന് അത് ഇഷ്ടമല്ലെന്നും സംയുക്ത പറയുന്നു. മഞ്ജുവിന്റെ തിരിച്ചുവരവ് പലര്‍ക്കും പ്രചോദനമായിരുന്നുവെന്നും അതിനാലാണ് താന്‍ മഞ്ജുവിനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കുന്നതെന്നും സംയുക്ത പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്.
''മഞ്ജുവിനെ ഞാന്‍ എപ്പോഴും സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയാണ് വിളിക്കുക. മഞ്ജുവിനോട് പറഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല. മഞ്ജുവിന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല. പക്ഷെ ഞാന്‍ മഞ്ജുവിനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാന്‍ കാരണമുണ്ട്. കല്യാണം കഴിഞ്ഞ് 14 വര്‍ഷം പൂര്‍ണമായും, ഒന്നുമില്ലാതെ വീട്ടിലിരുന്ന കുട്ടിയാണ്. ഒരു പരിപാടിയ്ക്കും മഞ്ജുവിനെ നമ്മള്‍ കണ്ടിട്ടില്ല. അങ്ങനെയുള്ളൊരു കുട്ടി സിനിമയിലേക്ക് തിരികെ വന്ന്, വളരെ സക്‌സസ്ഫുള്‍ ആവുകയെന്നത് അപൂര്‍വ്വമാണ്. മലയാളികള്‍ എല്ലാവരും ഇപ്പോഴും മഞ്ജുവിനെ സ്‌നേഹിക്കുന്നു, പഴയ അതേ ഊര്‍ജ്ജത്തോടെ'' സംയുക്ത പറയുന്നു.
''മഞ്ജു വന്നതിന് ശേഷം എത്രയോ പേര്‍ അവള്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ട് രണ്ടാമതും ഡാന്‍സ് തുടങ്ങിയിട്ടുണ്ട്. എന്റെ സിസ്റ്റര്‍ ഇന്‍ ലോയടക്കം. രണ്ടാമതും നമുക്ക് പറ്റും. കല്യാണം കഴിച്ചു, ഇഷ്ടമുള്ളത് പലതും വേണ്ടാന്നു വച്ചു, കുട്ടികളായി, വീടായി, വീട്ടിലെ കാര്യങ്ങളായി, അങ്ങനെ ജീവിച്ചിരുന്നവര്‍ക്കൊക്കെ മഞ്ജു വന്നതോടെ ഞങ്ങള്‍ക്കും ചെയ്യാമെന്ന് തോന്നി. മഞ്ജുവിന് സാധിക്കുമെങ്കില്‍ ഞങ്ങള്‍ക്കും ആയിക്കൂടേ എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ ഡാന്‍സ് രണ്ടാമതും തുടങ്ങിയവരുണ്ട്. അതൊരു പ്രചോദനമാണ്. അതിനാലാണ് ഞാന്‍ മഞ്ജുവിനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്'' എന്നും സംയുക്ത വര്‍മ പറയുന്നു.






