
കാക്കനാട് മാവേലിപുരത്ത് 12 വയസുകാരി സൈക്കിളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടായ പ്രദേശത്തെ സംരക്ഷണഭിത്തിയുടെ ഉയരവും മറ്റ് സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചു.
ഇന്നലെ വൈകിട്ടാണ് 12 വയസുകാരിയായ റിഹാന കാതറിൻ സൈക്കിൾ ഓടിക്കുന്നതിനിടെ കൈവരിയില്ലാത്ത റോഡിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റിഹാന.
സംരക്ഷണഭിത്തി നിർമാണത്തിൽ ഫ്ലാറ്റുടമകൾ സഹകരിച്ചില്ലെന്ന് വാർഡ് കൗൺസിലർ ആയിഷ ആരോപിച്ചു. ഒരിക്കൽ നിർമാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ പിന്മാറിയെന്നാണ് കൗൺസിലറുടെ വിശദീകരണം.
തുടർന്ന് അപകടസാധ്യത ഒഴിവാക്കുന്നതിനായി മുനിസിപ്പാലിറ്റി നേരിട്ട് നിർമാണം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ തുകയും വകയിരുത്തിയിരുന്നുവെങ്കിലും മഴയെ തുടർന്നാണ് നിർമാണം വൈകിയതെന്നും കൗൺസിലർ വ്യക്തമാക്കി.






