
കൊല്ലം: മന്ത്രി പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ വാഹനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സൈക്കിളില്‍ യാത്ര ചെയ്ത് വേദിയിലെത്തി പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യത്യസ്ത പ്രതിഷേധം. മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടകയായ രാജ്യാന്തര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക ചടങ്ങില്‍ സൈക്കിളില്‍ എത്തിയ ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡിന്റേതാണ് അസാധാരണ നടപടി. 15 കിലോമീറ്റര്‍ ദൂരമാണ് ജിനോക്കി സൈക്കിള്‍ ചവിട്ടിയെത്തിയത്്.
പഞ്ചായത്ത് സെക്രട്ടറി വാഹനം അനുവദിച്ചില്ലെന്നാണ് ആക്ഷേപം. വാഹനം വിട്ടുനല്‍കാത്ത സെക്രട്ടറിയുടെ നടപടി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ ഒരു സംഭവത്തിന്റെ വിരോധത്തെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി വാഹനം നിഷേധിച്ചതെന്നാണ് പ്രസിഡന്റിന്റെ ആക്ഷേപം. ചൂരല്‍പൊയ്കയില്‍ ഒരു ടാര്‍ മിക്‌സിംഗ് യൂണിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്രട്ടറിക്കുണ്ടായ അതൃപ്തിയാണ് കാരണം. യൂണിറ്റിനെതിരേ നടപടി ആവശ്യപ്പെട്ട് ഭരണസമിതി നല്‍കിയ നിര്‍ദേശം െസക്രട്ടറി അവഗണിച്ചു. ഇതിനെതിരേ ജനപ്രതിനിധികള്‍ സമരം നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വാഹനം വിട്ടുനല്‍കാതെ കാട്ടിയതെന്നാണ് ആരോപണം.
പോര്‍ട്ട് കൊല്ലത്ത് നടത്തിയ പരിപാടിയിലെ പ്രധാന അതിഥികളില്‍ ഒരാളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് വാഹനം എടുക്കാനാകില്ലെന്ന് ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. വാഹനം കൊണ്ടുപോകാന്‍ സെക്രട്ടറി അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നായിരുന്നു സൈക്കിളില്‍ യാത്ര ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയത്.






