
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ തുടരണമോയെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി തുടരുന്നതിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുമെന്നും, അതിനുള്ള ഉത്തരവ് നാളെ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 24-ാം തീയതി മുതൽ പെൻഷൻ വിതരണം ആരംഭിക്കും. ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി പെൻഷൻ തുക 3000 രൂപയായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കുമെന്നും, അനർഹർ ഉൾപ്പെട്ടിട്ടുണ്ടോ, അർഹരായവർ പുറത്തായിട്ടുണ്ടോ എന്നിവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവരുടെ ബന്ധുക്കൾക്കും പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ ചർച്ചയായി. അർഹരായവർക്ക് സഹായം നഷ്ടപ്പെടരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇതിനായി ചർച്ചകൾ നടത്തിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 25 ലക്ഷം രൂപ വരെ കുടുംബങ്ങൾക്ക് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഇന്ദിരാ ഗ്യാരന്റി പദ്ധതിയിൽ ഉൾപ്പെട്ട പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയതായും, ഓർഡിനറി ബസുകൾ ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി വ്യാപകമായ കള്ളപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് അതിനെതിരെ നിയമസഭയിൽ പ്രതിഷേധം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു






