
ന്യൂയോർക്ക്: ലോക കോടീശ്വരൻ ഇലോൺ മസ്ക് തന്റെ മുൻ പങ്കാളിയുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാൻ നൽകാമെന്നേറ്റ തുക കേട്ടാൽ ആരും ഞെട്ടിപ്പോകും. മസ്കിന്റെ മുൻ പങ്കാളിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ ആണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. പണവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തുവെന്നും എന്നാൽ പണത്തേക്കാൾ മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും ആഷ്‌ലി പറയുന്നു.
തനിക്കും മസ്കിനും ജനിച്ച മകൻ റോമുലസിനെക്കുറിച്ചുള്ള വിവരങ്ങളും തങ്ങൾ തമ്മിലുള്ള ബന്ധവും രഹസ്യമായി സൂക്ഷിക്കുന്നതിനായി മസ്കിന്റെ പ്രതിനിധികൾ വാഗ്ദാനം ചെയ്ത കോടിക്കണക്കിന് ഡോളറിന്റെ കരാർ താൻ നിരസിച്ചതായി ഇരുപത്തിയേഴുകാരിയായ ആഷ്‌ലി വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമന്റെ പോഡ്കാസ്റ്റിലാണ് ആഷ്‌ലി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. ലോകത്തിലെ ആദ്യത്തെ ട്രില്യണെയർ (ലക്ഷം കോടീശ്വരൻ) പദവിയിലേക്ക് ഇലോൺ മസ്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.
ആദ്യം മസ്കിന്റെ വെൽത്ത് മാനേജർ ജാരെഡ് ബിർഷാൽ വഴിയാണ് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള കരാർ മുന്നോട്ടുവെച്ചത്. ഒരു വീട് വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ആഷ്‌ലിക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) നൽകാൻ ഇലോൺ മസ്ക് ആവശ്യപ്പെട്ടതായും എന്നാൽ ദിവസങ്ങൾക്ക് ശേഷം ഈ തുക നൽകണമെങ്കിൽ ചില രഹസ്യ കരാറുകളിൽ ഒപ്പുവെക്കണമെന്ന് മാനേജർ നിർബന്ധിച്ചതായും ആഷ്‌ലി പറയുന്നു. സിഗ്നൽ ആപ്പിലെ അപ്രത്യക്ഷമാകുന്ന മെസ്സേജുകൾ വഴിയാണ് ഈ നിബന്ധനകൾ മുന്നോട്ടുവെച്ചതെന്നും ഇത് തന്നെ ഏറെ ഞെട്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യത്തെ ഓഫർ നിരസിച്ചതോടെ മസ്ക് കൂടുതൽ വലിയ തുകയുമായി രംഗത്തെത്തി. മൗനം പാലിക്കാൻ തയ്യാറായാൽ 15 മില്യൺ ഡോളറിനൊപ്പം അടുത്ത 20 വർഷത്തേക്ക് പ്രതിമാസം ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) വീതം നൽകാമെന്നായിരുന്നു രണ്ടാമത്തെ വാഗ്ദാനം. മസ്കിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ജീവനക്കാരെക്കുറിച്ചോ കമ്പനികളെക്കുറിച്ചോ യാതൊന്നും പുറത്തുപറയരുതെന്നായിരുന്നു പ്രധാന നിബന്ധന. എന്നാൽ തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഈ കരാറിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കുകയായിരുന്നുവെന്ന് ആഷ്‌ലി വെളിപ്പെടുത്തി.
കോടികളുടെ ആഡംബര ജീവിതത്തേക്കാൾ തന്റെ മക്കളുടെ നല്ല ഭാവിക്കും അന്തസ്സിനും വേണ്ടിയാണ് ഈ ധാർമ്മികമായ തീരുമാനമെടുത്തതെന്നും ഇതിലും ഭേദം മക്കളുമൊന്നിച്ച് ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റിൽ ജീവിക്കുന്നതാണെന്ന് മസ്കിനോട് പറഞ്ഞതായും അവർ വ്യക്തമാക്കി. 2025 ഫെബ്രുവരിയിലാണ് ആഷ്‌ലി തന്റെ അഞ്ചുമാസം പ്രായമുള്ള മകന്റെ പിതാവ് ഇലോൺ മസ്ക് ആണെന്ന് ആദ്യമായി പരസ്യമാക്കുന്നത്. എന്നാൽ താൻ ഗർഭിണിയായതോടെ മസ്കിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നതായും മുൻപ് പറഞ്ഞ കാര്യങ്ങളിൽ പലതും മാറ്റിപ്പറയാൻ തുടങ്ങിയതായും അവർ ആരോപിച്ചു. അതേസമയം, താൻ ഇതിനകം തന്നെ ആഷ്‌ലിക്ക് 2.5 മില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും പ്രതിവർഷം 5 ലക്ഷം ഡോളർ നൽകുന്നുണ്ടെന്നുമാണ് മസ്കിന്റെ വാദം.






