
നെടുങ്കണ്ടം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു വാഹനങ്ങള്‍ മോഷ്ടിച്ചയാളെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. മുണ്ടക്കയം കൊക്കയാര്‍ അമലാഭവന്‍ ഉണ്ണിക്കുട്ടനാണ് (25) പോലീസിന്റെ പിടിയിലായത്. നെടുങ്കണ്ടത്തുനിന്നും ഓട്ടോറിക്ഷയും പാമ്പാടുംപാറയില്‍നിന്ന് ജീപ്പുമാണ് ഉണ്ണിക്കുട്ടന്‍ മോഷ്ടിച്ച് കടത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം.
നെടുങ്കണ്ടം ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന മാളിയേക്കല്‍ ജോബിന്‍ ജെയിംസിന്റെ ഓട്ടോറിക്ഷയാണ് പ്രതി ആദ്യം കടത്തിയത്. വാഹനത്തിന്റ വയറുകള്‍ വിഛേദിച്ച് നേരിട്ട് കണക്ഷന്‍ കൊടുത്താണ് ഓട്ടോറിക്ഷ സ്റ്റാര്‍ട്ടാക്കിയത്. തുടര്‍ന്ന് ഓട്ടോറിക്ഷയുമായി കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ സഞ്ചരിച്ച ഉണ്ണിക്കുട്ടന്‍ പാമ്പാടുംപാറയിലെത്തിയപ്പോള്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കണ്ടു.
പാമ്പാടുംപാറ വിളയില്‍ വി.എസ്.രാജന്റെ ഉടമസ്ഥയിലുള്ള ജീപ്പും സമാനമായ രീതിയില്‍ സ്റ്റാര്‍ട്ട് ചെയ്തു കട്ടപ്പനയ്ക്ക് പോവുകയായിരുന്നു. കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ എത്തിയ ഉണ്ണിക്കുട്ടന്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ അടിച്ചശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പമ്പ് ജീവനക്കാര്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്റ്റഷനുകളിലേക്കു വിവരം കൈമാറി. ഇതിനെ തുടര്‍ന്ന് പെരുവന്താനം ഹൈവേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജീപ്പുമായി ഉണ്ണിക്കുട്ടനെ പിടികൂടുന്നത്.
ഇതേസമയം ആദ്യം മോഷ്ടിച്ച ഓട്ടോറിക്ഷ എന്‍ജിന്‍ നിര്‍ത്താതെയാണ് ഉണ്ണിക്കുട്ടന്‍ കടന്നത്. ഇതാണ് പ്രതിയിലേക്ക് വേഗത്തില്‍ എത്തുവാന്‍ പോലീസിന് സഹായകമായത്. ലഹരി മരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. വാഹനം പൊളിച്ച് വിറ്റതിലടക്കം കേസുണ്ട്. നെടുങ്കണ്ടത്ത് കഴിഞ്ഞ കുറച്ചു നാളുകളായി എസ്‌റ്റേറ്റുകളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്ത് വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






