
മകൾ ശിവകാമിക്കൊപ്പം 'കനകമുന്തിരികൾ' എന്ന ഗാനം പാടുന്ന ശ്യാമപ്രസാദിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. "പാട്ടുപാടുന്ന അച്ഛനാണ് ഏറ്റവും മികച്ച അച്ഛൻ എന്നാണ് എന്റെ അച്ഛൻ പറയുന്നത്" എന്ന അടിക്കുറിപ്പോടെ ശിവകാമി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'പുനരധിവാസം' എന്ന ചിത്രത്തിൽ ജി. വേണുഗോപാൽ ആലപിച്ച "കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയിൽ..." എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത്. നിരവധി പേരാണ് അച്ഛന്റെയും മകളുടെയും പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. നടി സംവൃത സുനിൽ, ഗൗതമി നായര്‍,ഗായകൻ അൽഫോൻസ് ജോസഫ് തുടങ്ങിയവർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അച്ഛൻ സംവിധാനത്തിലും അഭിനയത്തിലുമെല്ലാം തിളങ്ങിനിൽക്കുമ്പോൾ, ശിവകാമിയും അഭിനയരംഗത്ത് ചുവടുറപ്പിക്കുകയാണ്. എം.ടിയുടെ ചെറുകഥകളെ ആധാരമാക്കി ഒരുക്കിയ 'മനോരഥങ്ങളില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കാഴ്ച' എന്ന ചിത്രത്തിൽ ശിവകാമി അഭിനയിച്ചിരുന്നു. അടുത്തിടെ തരംഗമായി മാറിയ 'ലോക' എന്ന ചിത്രത്തിലും ശിവകാമി ശ്രദ്ധേയമായ വേഷം ചെയ്തു. ചിത്രത്തിൽ നസ്ലൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശിവകാമി എത്തിയത്.






