
കഴിഞ്ഞ ദിവസമായിരുന്നു ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹം. പ്രശസ്ത വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരന്‍. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം ഗായിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
എന്നാല്‍ ഈ വിവാഹവേദിയില്‍ എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത് ഗൗരി ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവും പ്രശസ്ത ഡ്രമ്മറുമായ ഗണേഷ് വെങ്കട്ടരമണിയുടെ സാന്നിധ്യമായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തത് മാത്രമല്ല, നവദമ്പതികള്‍ക്കൊപ്പം അതീവ സന്തോഷത്തോടെ നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവെച്ചുകൊണ്ട് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഗണേഷ് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
'എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തില്‍ പെട്ടവരാകണം എന്നില്ല,' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് ഗൗരിക്കും കലേഷിനുമൊപ്പമുള്ള ചിത്രം ഗണേഷ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. വേര്‍പിരിഞ്ഞ ശേഷവും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും എങ്ങനെ മുന്നോട്ട് പോകാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഗൗരിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിവാഹച്ചടങ്ങുകളില്‍ ഉടനീളം സജീവമായി തന്നെ ഗണേഷും പങ്കാളിയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ഗൗരിയും ഗണേഷും വിവാഹിതരായത്. എന്നാല്‍ പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും പരസ്പരമുള്ള ബഹുമാനവും ആഴത്തിലുള്ള സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗൗരിയുടെ സംഗീത ആല്‍ബങ്ങളിലും വിദേശ ഷോകളിലുമെല്ലാം ഇപ്പോഴും ഡ്രമ്മറായി ഗണേഷ് ഒപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
തന്റേതായ ശൈലിയിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയയായ ഗായയികയാണ് ഗൗരി ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സംഗീത ഷോകള്‍ ചെയ്യാന്‍ ഗൗരിക്ക് കഴിഞ്ഞു. ഗൗരി പാടിയ 'അജിത ഹരേ ജയ 'എന്ന ഗാനം ഒരു സമയം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ആയിരുന്നു.
മോഹന്‍ലാല്‍ ചിത്രം കാസനോവയിലെ 'സഖിയേ 'എന്ന ഗാനം ഒരുക്കിക്കൊണ്ട് 13 ാം വയസ്സിലായിരുന്നു ഗൗരിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഗാനം രചിച്ചതും ഈണം നല്‍കിയതും ആലപിച്ചതും ഗൗരിയാണ്. പിന്നീട് ഗോദ സിനിമയിലെ 'ആരോ നെഞ്ചില്‍' എന്ന ഗാനവും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്വതന്ത്ര സംഗീത ആല്‍ബങ്ങളിലൂടെയും ഗൗരി ലക്ഷ്മി ശ്രദ്ധനേടി. 2024-ല്‍ പുറത്തിറങ്ങിയ ഗൗരിയുടെ 'എന്റെ പേര് പെണ്ണ്' എന്ന ഗാനം ഏറെ ചര്‍ച്ചയായിരുന്നു.






