
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള തര്‍ക്കം കേരളവും തമിഴ്‌നാടും തമ്മിലുള്ള മറ്റൊരു ജലവിഭവവിവാദം മാത്രമല്ല. ജലവിഹിതം ഒരു സംസ്‌ഥാനത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍, അണക്കെട്ടിന്റെ സുരക്ഷ മറ്റൊരു സംസ്‌ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും നേരിട്ട് ബന്ധപ്പെട്ട ആശങ്കയാണ്. ഈ രണ്ട് യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ നീതിയുടെയും ശാസ്‌ത്രീയതയുടെയും വിശ്വാസ്യതയുടെയും തുലനം ഉറപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം.
ആ ഉത്തരവാദിത്വത്തിനു നിരക്കുന്നതാണോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്‌ക്കായി രൂപീകരിച്ച വിദഗ്‌ധസമിതിയില്‍ കേരളം നിര്‍ദേശിച്ച അംഗത്തെ ഏകപക്ഷീയമായി മാറ്റിയ നടപടി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി അഞ്ചംഗ സമഗ്ര അണക്കെട്ട് സുരക്ഷാ അവലോകന സമിതി രൂപീകരിച്ചത്. കേരളവും തമിഴ്‌നാടും നിര്‍ദേശിച്ച വിദഗ്‌ധരെയും ഉള്‍പ്പെടുത്തി സ്വതന്ത്രമായ ഒരു ശാസ്‌ത്രീയ പരിശോധന നടത്തുക എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. കേരളം നിര്‍ദേശിച്ച കേന്ദ്ര ജല കമ്മിഷന്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ടി.കെ. ശിവരാജനെ മാറ്റി, ഐ.ഐ.ടി. റൂര്‍ക്കിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡാംസിന്റെ മേധാവി പ്രഫ. എം.എല്‍. ശര്‍മയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ആ ലക്ഷ്യത്തിന്റെ ആത്മാവിനോടുതന്നെ പൊരുത്തപ്പെടുന്നതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ശിവരാജനെ വ്യക്‌തിപരമായ കാരണങ്ങളാല്‍ ലഭ്യമല്ലെന്നാണ് ഉത്തരവില്‍ വിശദീകരണം. എന്നാല്‍, അദ്ദേഹത്തെ മാറ്റുന്നതിനു മുമ്പ് കേരളവുമായി ആലോചിച്ചില്ലെന്നും പകരം നിയമനം സംബന്ധിച്ച് സംസ്‌ഥാനം അറിയുന്നത് ഉത്തരവിറങ്ങിയ ശേഷമാണെന്നും സംസ്‌ഥാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു. കേരളത്തിന്റെ പ്രതിഷേധം ഈ സാഹചര്യത്തില്‍ വെറും രാഷ്‌ട്രീയ പ്രതികരണമെന്ന നിലയില്‍ തള്ളിക്കളയാനാവില്ല.
ഇവിടെ പ്രശ്‌നം പ്രഫ. എം.എല്‍. ശര്‍മയുടെ യോഗ്യതയല്ല. അണക്കെട്ട് സുരക്ഷാരംഗത്ത് അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം രാജ്യത്തിന് അറിയാവുന്നതാണ്. എന്നാല്‍, ഒരു വിദഗ്‌ധന്റെ മികവ് എത്ര ഉയര്‍ന്നതാണെങ്കിലും, നിയമനനടപടിയുടെ സുതാര്യത അതിനേക്കാള്‍ പ്രധാനമാണ്. കാരണം, ഈ സമിതി ഒരു ഗവേഷണസ്‌ഥാപനത്തിന്റെ അക്കാദമിക് സമിതിയല്ല; പതിറ്റാണ്ടുകളായി തര്‍ക്കവിഷയമായ ഒരു അന്തര്‍സംസ്‌ഥാന പ്രശ്‌നത്തില്‍ നിര്‍ണായകമായ ശാസ്‌ത്രീയ വിലയിരുത്തല്‍ നടത്തുന്ന സംവിധാനമാണ്. അതിന്റെ റിപ്പോര്‍ട്ട് കേരളവും തമിഴ്‌നാടും മാത്രമല്ല, സുപ്രീംകോടതിയും രാജ്യം മുഴുവനും ഗൗരവത്തോടെ പരിഗണിക്കേണ്ട രേഖയാകും.
അത്തരം ഒരു സമിതിയില്‍ ഒരു സംസ്‌ഥാനത്തിന്റെ പ്രതിനിധിയെ അതേ സംസ്‌ഥാനത്തിന്റെ സമ്മതമില്ലാതെ മാറ്റുന്നത് നടപടിക്രമത്തിന്റെ വിശ്വാസ്യതയെ ബാധിക്കാതിരിക്കില്ല. നീതി നടപ്പാക്കപ്പെടുക മാത്രമല്ല, അത് നടപ്പാക്കപ്പെടുന്നതായി എല്ലാവര്‍ക്കും ബോധ്യപ്പെടുകയും വേണമെന്ന അടിസ്‌ഥാന ജനാധിപത്യ തത്ത്വം ഇവിടെ പ്രസക്‌തമാണ്. ശാസ്‌ത്രീയ വിലയിരുത്തലുകള്‍ പോലും വിശ്വാസത്തിന്റെ മേല്‍നില്‍പ്പിലാണ് പൊതുസ്വീകാര്യത നേടുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആശങ്ക സുരക്ഷയെക്കുറിച്ചാണ്. തമിഴ്‌നാട് ജലലഭ്യതയെക്കുറിച്ചാണ് ഊന്നിപ്പറയുന്നത്. ഈ രണ്ട് നിലപാടുകള്‍ക്കും ഇടയില്‍ അന്തിമവാക്ക് പറയേണ്ടത് രാഷ്‌ട്രീയമല്ല, ശാസ്‌ത്രമാണ്. എന്നാല്‍, ശാസ്‌ത്രത്തിന്റെ ശബ്‌ദത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍, അത് ഉരുത്തിരിയുന്ന പ്രക്രിയയിലും എല്ലാ കക്ഷികള്‍ക്കും വിശ്വാസം ഉണ്ടായിരിക്കണം. ആ വിശ്വാസം ദുര്‍ബലമാകുന്ന നിമിഷം റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയും ചോദ്യം ചെയ്യപ്പെടും.
സഹകരണ ഫെഡറലിസം എന്ന ആശയം ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഏറ്റവും പ്രസക്‌തമാകുന്നത്. സംസ്‌ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുക എന്നത് ഔപചാരികതയല്ല; ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്‌ഥാന മര്യാദയാണ്. പ്രത്യേകിച്ച്, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി നിഷ്‌പക്ഷതയും സമവായവും പ്രകടിപ്പിക്കേണ്ടതുണ്ട്.
കേരളം ആവശ്യപ്പെടുന്നതുപോലെ ടി.കെ. ശിവരാജനെ സമിതിയില്‍ പുനഃസ്‌ഥാപിക്കുകയോ, അദ്ദേഹത്തിനു പകരം കേരളം നിര്‍ദേശിക്കുന്ന, കേരളത്തിന് പൂര്‍ണ വിശ്വാസമുള്ള മറ്റൊരു വിദഗ്‌ധനെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ഉചിതമായ വഴി. അതിലൂടെ മാത്രമേ പരിശോധനയുടെ വിശ്വാസ്യതയിലും നിഷ്‌പക്ഷതയിലും ഒരു നിഴല്‍ പോലും വീഴാതിരിക്കാന്‍ കഴിയൂ. കേരളത്തിന്റെ ആശങ്കകള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ല; മറിച്ച് പുതിയ സംശയങ്ങള്‍ക്കും അനാവശ്യ വിവാദങ്ങള്‍ക്കും വഴിവയ്‌ക്കുകയേയുള്ളൂ.





