
ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സിലെ ഹൗട്ട്‌ബാവോയിയിലെ ഏവിയന്‍ലെസ്സെയ്‌ന്‍സില്‍ നടന്ന ജി7 രാഷ്‌ട്രങ്ങളുടെ 52ാമത് വാര്‍ഷിക ഉച്ചകോടി ലോകത്തിന് പുത്തന്‍ പ്രതീക്ഷകളേകി സമാപിച്ചു. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ജര്‍മനി, കാനഡ, ജപ്പാന്‍ എന്നീ ഏഴു വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ എന്നിവരും ജി7ന്റെ ഭാഗമായി. ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ അതിഥികളായി ജി7ല്‍ പങ്കാളികളായപ്പോള്‍ ആധുനിക ലോകത്തിന്റെ ക്രമങ്ങള്‍ നിശ്‌ചയിക്കുന്ന പുത്തന്‍ നടപടികള്‍ക്ക് ലോകസമൂഹം കാതോര്‍ത്തു.
52ാമത് ജി7 ഉച്ചകോടിയുടെ മുഖ്യവിഷയം രാജ്യാന്തര വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതായിരുന്നു. ആഗോള അസമത്വങ്ങള്‍ കുറയ്‌ക്കുക, എല്ലാവരെയും ഉള്‍ക്കൊണ്ട് സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പുതുജീവന്‍ നല്‍കുക, നിര്‍മിതബുദ്ധിയുടെ സുരക്ഷ ഉറപ്പാക്കുക, ഭൗമരാഷ്‌ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ വ്യക്‌തമായ നിലപാടുകള്‍ പ്രഖ്യാപിക്കാനായി.
അടിപതറിയ അജന്‍ഡകള്‍
ആഭ്യന്തരപ്രശ്‌നങ്ങള്‍മൂലം ഏറ്റം സങ്കീര്‍ണമായ പ്രതിസന്ധി നേരിടുന്ന അവസ്‌ഥയിലാണ് ജി7 അംഗരാജ്യങ്ങളിലെയും ഉച്ചകോടിയിലെ അതിഥി രാജ്യങ്ങളിലെയും നേതാക്കള്‍ ജനീവ തടാകത്തിന്റെ തെക്കന്‍ തീരത്ത് ഒത്തുകൂടിയത്.
ഇറാന്‍ യുദ്ധവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും മോശം പോള്‍ റേറ്റിങ്ങുകളും കാരണം ഡോണള്‍ഡ് ട്രംപിന്റെ പഴയ ആവേശം ഉച്ചകോടിയില്‍ പ്രതിഫലിച്ചില്ല.
ആതിഥേയനായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ രാഷ്‌ട്രീയമായി സ്വന്തം മണ്ണില്‍ തകര്‍ന്നിരിക്കുന്നു. ഇതദ്ദേഹത്തിന്റെ അവസാനവര്‍ഷ ഭരണമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്‌റ്റാര്‍മറിന്റെ അധികാരത്തിന്റെ അവസാന ദിവസങ്ങളായിരുന്നു ഉച്ചകോടിയില്‍ കണ്ടത്. ഇപ്പോഴിതാ അദ്ദേഹം സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ മൂലം രാജിവച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാണിയിപ്പോള്‍ അമേരിക്കയില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നു. പഴയ പ്രശസ്‌തി ഇന്നില്ല. അതേസമയം ഇന്ത്യയുമായി ഊഷ്‌മള ബന്ധം നിലനിര്‍ത്തുന്നതിന്റെ തെളിവാണ് ഇറ്റലിയില്‍ നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് അഭയാര്‍ത്ഥി കുടിയേറ്റ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രതിസന്ധി നേരിടുക മാത്രമല്ല ഇറാന്‍ യുദ്ധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ജര്‍മനിയില്‍നിന്ന് യു.എസ്. സൈനികരെ ട്രംപ് പിന്‍വലിച്ചതിന്റെ ആഘാതത്തിലുമാണ്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നയതന്ത്രം ഇന്ത്യയുള്‍പ്പെടെ ലോകരാഷ്‌ട്രങ്ങള്‍ക്ക് സ്വീകാര്യത കൈവരിക്കാനായെങ്കിലും അമേരിക്കയുടെ അകല്‍ച്ചയ്‌ക്ക് മുമ്പില്‍ പതറാതെ തലയുയര്‍ത്തിനില്‍ക്കാന്‍ അദ്ദേഹത്തിനാകുന്നുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി സനേ തക്കായിച്ചി തെരഞ്ഞെടുപ്പുവിജയത്തിലെ ആഹ്ലാദത്തില്‍ നില്‍ക്കുമ്പോഴും ഹോര്‍മൂസ് കടലിടുക്ക് അടച്ചതുമൂലം നേരിട്ട ഊര്‍ജപ്രതിസന്ധിയെ അതിജീവിക്കാനാവാതെ കുഴയുന്നു. ഈ പശ്‌ചാത്തലത്തിലാണ് ജി 7 ഉച്ചകോടി നടന്നത്
പ്രഖ്യാപനങ്ങള്‍, പ്രതീക്ഷകള്‍
ആഗോള സമ്പദ്‌വ്യവസ്‌ഥയിലെ വെല്ലുവിളികള്‍, രാഷ്‌ട്രീയ അനിശ്‌ചിതത്വം, വ്യാപാര സംഘര്‍ഷങ്ങള്‍, അനുദിനം വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്‌ഥകള്‍ തുടങ്ങി ഒട്ടേറെ ഭീഷണികള്‍ ലോകം നേരിടുമ്പോഴാണ് വികസിത രാജ്യങ്ങള്‍ ഫ്രാന്‍സില്‍ ഒത്തുചേര്‍ന്നത്. മേല്‍പറഞ്ഞ വെല്ലുവിളികളെ നേരിടുന്നതിനും സുസ്‌ഥിരമായ സാമ്പത്തിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും ബഹുരാഷ്‌ട്രവാദം അനിവാര്യമാണെന്ന് ലോകനേതാക്കള്‍ പ്രഖ്യാപിച്ചത് പ്രതീക്ഷയേകുന്നു.
വെല്ലുവിളികളില്‍ ഒരുമിച്ച്
യുൈക്രന്‍-റഷ്യ യുദ്ധം പരിഹാരമില്ലാതെ തുടരുമ്പോള്‍ യുൈക്രന് പിന്തുണനല്‍കി ഈ ഉച്ചകോടിയിലും ജി7 രാജ്യങ്ങള്‍ മുന്‍കാല പ്രഖ്യാപനം ആവര്‍ത്തിച്ചു. റഷ്യന്‍ സമ്പദ്‌വ്യവസ്‌ഥയെ സമ്മര്‍ദത്തിലാക്കുന്ന നിലവിലുള്ള ഉപരോധങ്ങള്‍ ജി7 രാഷ്‌ട്രങ്ങള്‍ തുടരുന്നതിനോടൊപ്പം യുൈക്രനിന്റെ ഊര്‍ജപ്രതിരോധശേഷിയെ പിന്തുണയ്‌ക്കാനും ഉച്ചകോടി തീരുമാനിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ഉച്ചകോടി സ്വാഗതം ചെയ്‌തു. ഇറാന്‍ ഒരിക്കലും അണുവായുധം നേടില്ലെന്നുള്ള ഈജിപ്‌ത്, യു.എ.ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനം ഉച്ചകോടി ഗൗരവമായെടുത്തു.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള വ്യാപാരത്തിന് യുദ്ധം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ ലോകസാമ്പത്തിക ക്രമത്തില്‍ സൃഷ്‌ടിച്ച വന്‍ തകര്‍ച്ചയും ആഘാതവും ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഏകപക്ഷീയമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഉച്ചകോടിയില്‍ ഉയര്‍ന്ന പ്രഖ്യാപനം അമേരിക്കയ്‌ക്ക് തിരിച്ചടിയാണ്.
കുട്ടികളുടെ സംരക്ഷണം
ഓണ്‍ലൈനിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇരകളാക്കി നടക്കുന്ന ചൂഷണത്തിനും പീഡനത്തിനുമെതിരേ അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആവശ്യകതയും ഉച്ചകോടിയില്‍ ഉയര്‍ന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്‌തുക്കളുടെ ഉത്‌പാദനം, കൃത്രിമത്വം, വിതരണം എന്നിവ നിരോധിക്കണം. ഓണ്‍ലൈനില്‍ കുട്ടികളും യുവാക്കളും തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒരിക്കലും അനുവദിക്കരുത്.
രാജ്യാന്തര സഹകരണം
വികസനത്തിലും ധനസഹായത്തിലും രാജ്യാന്തരസഹകരണം ഉറപ്പിക്കാനും ഏറ്റവും ദുര്‍ബലരായവര്‍ക്ക് പിന്തുണ നല്‍കാനും ഉച്ചകോടി ആഹ്വാനം ചെയ്‌തു. വര്‍ധിച്ചുവരുന്ന ആഗോള കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. ബഹുമുഖവികസനബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വികസന പങ്കാളികള്‍ക്കിടയിലും ഏകോപനവും സഹകരണവും ശക്‌തിപ്പെടുത്തും.
കാന്‍സറിനെതിരേയുള്ള പോരാട്ടപ്രഖ്യാപനം ഈ ഉച്ചകോടിയുടെ സാമുഹ്യപ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു. ഈ വിഷയത്തില്‍ രാജ്യാന്തരതലത്തിലുള്ള ശാസ്‌ത്രസഹകരണം കൂടുതല്‍ ആഴത്തിലാക്കാനും കാന്‍സര്‍ പ്രതിരോധത്തിലും രോഗം നേരത്തെതന്നെ കണ്ടെത്തുന്നതിനുമുള്ള വിടവുകള്‍ ഇല്ലാതാക്കാനും കാന്‍സര്‍ ചികിത്സകളുടെ നൂതനമാര്‍ഗങ്ങളും പുരോഗതികളും എല്ലാരോഗികള്‍ക്കും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഷ്‌ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍നിന്ന് വ്യാപിച്ചിരിക്കുന്ന എബോള രോഗത്തിന്റെ പ്രതിരോധത്തിനായി ശക്‌തമായ ഏകോപനം എല്ലാ രാജ്യങ്ങളും ഉച്ചകോടിയില്‍ ഉറപ്പാക്കി. വാക്‌സിനുകള്‍, രോഗനിര്‍ണയങ്ങള്‍, ചികിത്സകള്‍ എന്നിവയുടെ വികസനത്തിനും ഫലപ്രദമായ വിതരണത്തിനും പിന്തുണ നല്‍കി.
കള്ളക്കടത്തും മയക്കുമരുന്നും
രാജ്യാന്തര കുടിയേറ്റങ്ങളുടെ മറവില്‍ കള്ളക്കടത്തുകള്‍ വ്യാപകമാകുന്നതിനെതിരേ ശക്‌തമായ നിലപാടെടുക്കാന്‍ ഉച്ചകോടി പ്രഖ്യാപനം നടത്തി. ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളില്‍ അഭയം തേടുന്നവരുടെയിടയില്‍ കള്ളക്കടത്തും മനുഷ്യക്കടത്തും നടത്തുന്ന ക്രിമിനല്‍ സംഘങ്ങളും അവയുടെ ശൃംഖലകളുമുണ്ടെന്നും ഇവയെ തകര്‍ക്കാനും പ്രതിരോധിക്കാനും ലോകരാഷ്‌ട്രങ്ങള്‍ സംഘടിക്കണമെന്നും ഉച്ചകോടി ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
മയക്കുമരുന്നിനും അതിന്റെ കടത്തിനുമെതിരേ ശക്‌തമായ നിലപാടെടുക്കുവാന്‍ ഉച്ചകോടിയില്‍ തീരുമാനമായി. ആഗോള ഭീകരതയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കണമെന്ന് ജി7 രാജ്യങ്ങളും അതിഥിരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ആഗോള തലത്തിലെ വികസ്വര രാഷ്‌ട്രങ്ങളുടെ ആശങ്കകളും മുന്‍ഗണനകളും പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചത് ഉച്ചകോടിയില്‍ ഗൗരവ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും അവസരമായത് ലോകം ഇന്ത്യയെ ശ്രവിക്കുന്നതിന്റെ നല്ല സൂചനകളാണ്.
ലോകം വിശ്വാസക്കുറവ് അനുഭവിക്കുന്നുവെന്നുള്ള നരേന്ദ്രമോദിയുടെ തുറന്നുപറച്ചില്‍ ഏറെ ശ്രദ്ധേയമായി. പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുക, രാജ്യാന്തര ഐക്യദാര്‍ഢ്യംപുനര്‍നിര്‍മിക്കുക എന്ന വിഷയത്തിലാണ് മോദി സംസാരിച്ചത്. വിവിധ രാഷ്‌ട്രത്തലവന്മാരുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യയ്‌ക്ക് നേട്ടമായി. ഇന്ത്യ-യു.കെ. വ്യാപാരക്കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറും ഈ വര്‍ഷം അവസാനത്തോടെ. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനം ഉച്ചകോടിയില്‍ ദൃശ്യമായി.
അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍





