നീതി എപ്പോഴും മനുഷ്യ നാഗരികതയുടെ സുപ്രധാനവും അവിഭാജ്യവുമായ ഒരു സ്‌തംഭമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ത്രയവും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളും വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും ദൈനംദിന കാര്യങ്ങളെ പുനഃക്രമീകരിക്കുന്നതിനുള്ള ഒരു ധാര്‍മിക ദിശാസൂചകമാണ്. ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും, ആഴത്തില്‍ വേരൂന്നിയ കൊളോണിയല്‍ മാനസികാവസ്‌ഥയും പഴയ ശിക്ഷാനിയമങ്ങളും ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്‌തിയെ പരിമിതപ്പെടുത്തിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ മാനസികാവസ്‌ഥയ്‌ക്കും ഇരുപതാം നൂറ്റാണ്ടിലെ നിയമങ്ങള്‍ക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
പരിവര്‍ത്തനത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഭരണരംഗത്തുണ്ടായ വ്യക്‌തവും പോസിറ്റീവുമായ ഒരു പരിവര്‍ത്തനം ദൃശ്യമാണ്. വളര്‍ന്നു വരുന്ന ഇന്ത്യയുടെ പൂര്‍ണമായ സാധ്യതകള്‍ സാക്ഷാത്‌കരിക്കുന്നതിനായി നയപരമായ ഇടപെടലുകള്‍ വര്‍ധിപ്പിച്ച ജനാധിപത്യ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി 2014 ഓര്‍മ്മിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലനാത്‌മകവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ നേതൃത്വത്തിനു കീഴില്‍, 'പരിഷ്‌കരണ എക്‌സ്‌പ്രസ്സ്' എന്ന എന്‍ജിനിലൂടെ മുന്നേറിക്കൊണ്ട്, ഭരണസംവിധാനം 'രാഷ്‌ട്രം പ്രഥമം' എന്ന സമീപനത്തിലൂടെ പൗരന്മാരുടെ ജീവിതം സുഗമമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ നീതിന്യായ പരിഷ്‌കരണങ്ങളുടെ യാത്ര നിയമനിര്‍മാണ പരിഷ്‌കരണങ്ങള്‍, സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തല്‍, ഡിജിറ്റല്‍ നവീകരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.
'നീതി ലഭ്യതയിലെ ലാളിത്യം' എന്ന മന്ത്രം
'നീതി ലഭ്യതയിലെ ലാളിത്യം' എന്നത് നമുക്ക് വെറുമൊരു വാചകം മാത്രമല്ല;അത് മൂന്ന് തലങ്ങളിലുള്ള ഒരു പരിഷ്‌കരണ മന്ത്രമാണ്:
ഇടപെടലുകളിലെ ലാളിത്യം: '' പദ്ധതിക്ക് കീഴിലുള്ള പൗരകേന്ദ്രീകൃത സേവനങ്ങളായ ടെലിലോ, ന്യായ്‌ബന്ധു എന്നിവ നീതി വിതരണത്തെ എളുപ്പമാക്കി. ടെലിലോ വഴി ഗ്രാമീണവിദൂര പ്രദേശങ്ങളിലെ 1.12 കോടിയിലധികം ഗുണഭോക്‌താക്കള്‍ക്ക് സൗജന്യ നിയമോപദേശം ലഭിച്ചു. ഇ-ഫയലിങ്, ഇസേവാ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ കക്ഷികളുടെ പതിവ് ഇടപഴകലുകള്‍ കൂടുതല്‍ ലളിതമായി.
ജോലി ചെയ്യുന്നതിലെ ലാളിത്യം: കീഴ്‌ക്കോടതികളെ ശക്‌തിപ്പെടുത്താനായി 2014 മുതല്‍ 9,400.40 കോടി രൂപ അനുവദിച്ചതിന്റെ പിന്തുണയോടെ കോടതി ഹാളുകളുടെ എണ്ണം 15,818ല്‍നിന്ന് 22,712 ആയി ഉയര്‍ന്നു. 7,200 കോടിയുടെ 'ഇ-കോടതി മൂന്നാം ഘട്ട പദ്ധതി' കോടതികളെ പൂര്‍ണമായും ഡിജിറ്റലും എ.ഐ. അധിഷ്‌ഠിതവുമാക്കാന്‍ ലക്ഷ്യമിടുന്നു. വീഡിയോ കോണ്‍ഫറന്‍സിങ്, വെര്‍ച്വല്‍ കോടതികള്‍ എന്നിവ നീതിലഭ്യത സുതാര്യമാക്കി.
മനസിലാക്കുന്നതിലെ ലാളിത്യം: സുവാസ്, ഭാഷിണി എന്നീ എ.ഐ. സംവിധാനങ്ങള്‍ സുപ്രീം കോടതി വിധികള്‍ 18 ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റാ ഗ്രിഡ് (എന്‍.ജെ.ഡി.ജി.) 34 കോടിയിലധികം കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒറ്റ ക്ലിക്കിലൂടെ ലഭ്യമാക്കുന്നു.
പുതിയ ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥയും ആഗോള നേതൃത്വവും
കൊളോണിയല്‍ ശിക്ഷാനിയമങ്ങള്‍ക്കു പകരം ഇന്ത്യയുടെ പുതിയ ക്രിമിനല്‍ നീതിന്യായ വ്യവസ്‌ഥ നടപ്പിലാക്കി. ഇ-കോടതി, ഇ-പ്രിസണ്‍സ്, ഇ-ഫോറന്‍സിക്‌സ് എന്നിവയെ ൈക്രം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്‌റ്റംസു(സി.സി.ടി.എന്‍.സ്.)മായി സംയോജിപ്പിച്ചു. 'ന്യായ് ശ്രുതി' പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ജാമ്യ ഉത്തരവ് ഉടനടി ജയില്‍ പോര്‍ട്ടലില്‍ എത്തുന്നു.
ഉന്നത നീതിന്യായ വ്യവസ്‌ഥയില്‍, ഹൈക്കോടതി ജഡ്‌ജിമാരുടെ എണ്ണം 1122 ആയി വര്‍ധിച്ചു. സുപ്രീം കോടതി (ജഡ്‌ജിമാരുടെ എണ്ണം) ഭേദഗതി ഓര്‍ഡിനന്‍സ്, 2026 പ്രകാരം ജഡ്‌ജിമാരുടെ എണ്ണം 38 ആയി ഉയര്‍ത്തിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 1175 ഹൈക്കോടതി ജഡ്‌ജിമാരെയും 77 സുപ്രീം കോടതി ജഡ്‌ജിമാരെയും വേഗത്തില്‍ നിയമിച്ചു.
വിവിധ മേഖലകളിലായി 40,000ത്തിലധികം അനുവര്‍ത്തന ചട്ടങ്ങള്‍ കുറയ്‌ക്കുകയും, കൊളോണിയല്‍ കാലഘട്ടത്തിലെ 1725 നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്‌തു. മീഡിയേഷന്‍ ആക്‌ട് 2023ലൂടെ ബദല്‍ തര്‍ക്ക പരിഹാര മേഖല ശക്‌തമാക്കി. ആഗോളതലത്തില്‍, 2026ലെ ബ്രിക്‌സ് നീതിന്യായ മന്ത്രിമാരുടെ യോഗത്തില്‍ 'ഗാന്ധിനഗര്‍ പ്രഖ്യാപനം' അംഗീകരിക്കുന്നതിലൂടെ തര്‍ക്കപരിഹാരത്തിനായി മധ്യസ്‌ഥത ശക്‌തിപ്പെടുത്താന്‍ ഇന്ത്യയുടെ നേതൃത്വത്തിന് സാധിച്ചു.
2047ആകുമ്പോള്‍ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍, ഭാവിയിലേക്ക് സജ്‌ജമായ ഒരു നീതിന്യായ വ്യവസ്‌ഥ കെട്ടിപ്പടുക്കുന്നതിനായുള്ള നമ്മുടെ പ്രതിബദ്ധതയില്‍ നാം ദൃഢമായി നിലകൊള്ളുന്നു അത് 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ആഗ്രഹങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുമാണ്.
അര്‍ജുന്‍ റാം മേഘ്‌വാള്‍
(കേന്ദ്ര നിയമനീതി സഹമന്ത്രി(സ്വതന്ത്ര ചുമതല)യാണ് ലേഖകന്‍.)






