
അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവും വ്ലോഗറുമാണ് ലക്ഷ്മി മേനോന്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും അവതരണത്തിലൂടെയും ലക്ഷ്മി പ്രേക്ഷരെ ചിരിപ്പിക്കുന്ന താരം കൂടിയാണ്. വ്ലോഗിങ്ങിൽ ഇന്നത്തെ പോലെ ആളുകൾ സജീവമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഈ രംഗത്തെത്തി തന്റേതായ മേൽവിലാസം ഉണ്ടാക്കിയ ആളാണ് ലക്ഷ്മി.
ലക്ഷ്മിക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം രസകരമായ റീൽ വീഡിയോകൾ ചെയ്താണ് ലക്ഷ്മി ആരാധകരെ സമ്പാദിച്ചത്. ഇരുവരുടേയും റീലിൽ സജീവ സാന്നിധ്യമായതോടെ മകൾ തൻവിക്കും ആരാധകർ ഏറെയാണ്. അടുത്തിടെ, റോന്ത് എന്ന ചിത്രത്തിലൂടെ സിനിമയിലും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിരുന്നു. ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്.
ഇപ്പോഴിതാ വളരെ ആഴത്തിലുള്ള വികാരഭരിതമായ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിടുകയാണ് ലക്ഷ്മി മേനോന്‍.
‘‘എനിക്ക് പതുക്കെ മനസ്സ് നഷ്ടപ്പെടുന്നു. ദയനീയമാണിത്, ഒറ്റയ്ക്കാണ്, നഷ്ടപ്പെട്ടു, ശ്വസിക്കുക മാത്രമാണ്, ജീവിക്കുന്നില്ല....മാനസികമായി തകർന്നു...’’ എന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്. താരപത്നി കുറിച്ച ഈ വരികള്‍ കണ്ട് സോഷ്യൽ മീഡിയ ആരാധകര്‍ വലിയ ആശങ്കയിലായി. സ്‌ക്രീനിൽ ഊർജ്ജസ്വലമായ സാന്നിധ്യം കൊണ്ടും നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങള്‍ കൊണ്ടും എപ്പോഴും പ്രേക്ഷകര്‍ക്ക് പോസിറ്റീവ് എനര്‍ജി പകരുന്ന താരം കൂടിയാണ് ലക്ഷ്മി. അതുകൊണ്ട് തന്നെ ഇത്രയും വികാരഭരിതമായ ഒരു പോസ്റ്റ് ആശങ്ക പടര്‍ത്തുകയാണ്. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്നേഹവും പിന്തുണയും പ്രാർത്ഥനകളും നിറഞ്ഞ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. താങ്കൾ ഒറ്റയ്ക്കല്ല എന്ന ആശംസകളാണ് പലരും കുറിക്കുന്നത്.






