
നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിൽ സാമന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം 'മാ ഇന്റി ബംഗാരം' തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ജൂൺ 19-ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. സഹപ്രവർത്തകരും ആരാധകരും തുടങ്ങി നിരവധിപ്പേരാണ് സാമന്തയുടെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തെയും സാമന്തയെയും പ്രശംസിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് നടി യാമി ഗൗതം. ആളുകൾ നിറഞ്ഞ തിയേറ്ററിൽ നിന്നുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു യാമിയുടെ കുറിപ്പ്.
"ഈ ദൃശ്യം എന്റെ ചെവികൾക്ക് ഇമ്പമുള്ള സംഗീതമാണ്. സാമിനും മാ ഇന്റി ബംഗാരം സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ," എന്നാണ് താരം കുറിച്ചത്. യാമിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സാമന്ത ഈ സ്റ്റോറി റീപോസ്റ്റ് ചെയ്യുകയും ചെയ്തു.







