
എല്ലാവര്‍ഷവും തമിഴ് സിനിമാപ്രേക്ഷകരെ സംബന്ധിച്ച് തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു നിർണായക ‘അപ്ഡേറ്റ്’ പുറത്തുവിട്ടായിരിക്കും വിജയ് യുടെ ജന്മദിനാഘോഷം. എന്നാൽ ഇത്തവണ അൻപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്നത് വിജയ് എന്ന നടനല്ല, സി. ജോസഫ് വിജയ് എന്ന മുഖ്യമന്ത്രിയുടെ ജന്മദിനമാണ്. തമിഴ് മക്കളുടെ സ്വന്തം മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ് യുടെ ആദ്യത്തെ ജന്മദിനമാണിത്. തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ 52-ാം ജന്മദിനം ആഘോഷമാക്കുകയാണ്.
തമിഴ് മക്കളും സിനിമാ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വിജയ് യ്ക്ക് ആശംസകള്‍ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, നയന്‍താര എന്നിങ്ങനെ മിക്ക താരങ്ങളും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായി വിജയ് യ്ക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ പങ്കിടുകയാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. വര്‍ഷങ്ങളായി താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്, ടീസർ, ട്രെയിലർ അല്ലെങ്കിൽ ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം എന്നിവയ്ക്കായി കാത്തിരിക്കുന്നതാണ് വിജയ് യുടെ ഓരോ ജന്മദിനവും എന്നാണ് കീര്‍ത്തി കുറിച്ചിരിക്കുന്നത്. എന്നാലിത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു നേതാവായിട്ടാണ് വിജയ് മാറിയിരിക്കുന്നതെന്നും താരം കുറിക്കുന്നു.
‘‘വർഷങ്ങളായി, താങ്കളുടെ ജന്മദിനം എന്നത് ഒരു പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനോ ടീസറിനോ ട്രെയിലറിനോ അല്ലെങ്കിൽ പ്രഖ്യാപനത്തിനോ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചടങ്ങായി മാറിയിരുന്നു... ഈ വർഷം പക്ഷേയത് വ്യത്യസ്തമായി തോന്നുന്നു.
ഒരു ദശാബ്ദത്തിനിടെ ആദ്യമായി, ലോകത്തിന് മുന്നിൽ ഒരു പുതിയ കഥാപാത്രത്തെ പോലും പരിചയപ്പെടുത്തുന്നില്ല. പകരം, നമ്മൾ കൂടുതൽ പ്രാധാന്യമുള്ള ഒന്നിന് സാക്ഷ്യം വഹിക്കുകയാണ്...നിങ്ങൾ സ്വയം പുനർനിർമിച്ചിരിക്കുകയാണ്. താങ്കള്‍ സ്വയം വീണ്ടും പരിചയപ്പെടുത്തുന്നത് തിരശ്ശീലയിലെ നായകനായിട്ടല്ല, മറിച്ച് സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു നേതാവായിട്ടാണ്.
ഈ വർഷം, ഒരു പുതിയ യാത്രയ്ക്കായി ഞങ്ങൾ ഒരു പുതിയ ഭാവം ആഘോഷിക്കുന്നു, നിങ്ങൾക്കായി ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്....
എൻ നെഞ്ചിൽ കുടിയിരിക്കും ദളപതിക്ക് ജന്മദിനാശംസകൾ....’’ എന്നാണ് വിജയ് യ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കീര്‍ത്തി സുരേഷ് കുറിച്ചിരിക്കുന്നത്. കീര്‍ത്തിയ്ക്കൊപ്പം ഭര്‍ത്താവ് ആന്റണി തട്ടിലും വിജയ് യെ കാണാനെത്തിയിരുന്നു. നിരവധി പേരാണ് കീര്‍ത്തിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ കുറിച്ചിരിക്കുന്നത്.
ആരാധകര്‍ ഇത്തവണയും വിജയ് യുടെ പിറന്നാളിന് എന്തെങ്കിലും സ്‌പെഷലായി ചെയ്യുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. വിജയ്‌യുടെ അവസാനസിനിമയെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ട ‘ജനനായക’ന്റെ റിലീസ് തീയതി പിറന്നാൾദിനത്തിൽ പ്രഖ്യാപിക്കും എന്നാണ് പലരും ഓര്‍ത്തിരുന്നത്. പക്ഷേ സെന്‍സര്‍ കുരുക്കളില്‍ പെട്ട് കിടക്കുകയാണ് ഈ സിനിമ, അതിനിടെ ഓൺലൈനിൽ സിനിമ ചോരുകയും ചെയ്തു. ‘ജനനായകൻ’ റിലീസാവുമെന്നും ആരാധകര്‍ ചിന്തിച്ചു.
വ്യക്തിജീവിതത്തിലും വിജയ് പ്രശ്നങ്ങളിലായിരുന്നു. ഭാര്യ സംഗീതയുമായി വിജയ് വീണ്ടും ഒരുമിച്ചുവെന്നും ആ വാർത്ത പിറന്നാളിന് പുറത്തുവിടുമെന്നും ആരാധകർ ചിന്തിച്ചു. അതൊന്നുമുണ്ടായില്ല. എന്നാല്‍ പതിവിനു വിപരീതമായി വിജയ് യ്ക്ക് തൃഷ ജന്മദിനാശംസകള്‍ കുറിച്ചില്ല എന്നുള്ളതാണ് ആരാധകര്‍ സംശയത്തിലാഴ്ത്തുന്നത്. തൃഷ ഇത്തവണ സോഷ്യൽമീഡിയയിൽ ആശംസ പോസ്റ്റുകളൊന്നുമിട്ടില്ല. തൃഷ ഇൻസ്റ്റഗ്രാമിൽനിന്ന് വിജയ്‌യെ അൺഫോളോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വിജയ്‌യും തൃഷയും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇമേജിന് വീണ്ടും ദോഷമുണ്ടാക്കേണ്ടെന്ന് കരുതി തൃഷ മാറിനിൽക്കുകയാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.






