
ക്വീന്‍സ്ലാന്റ്: നിന്ന നില്പ്പില് കാണാതാകുന്ന അത്ഭുതജാലവിദ്യ അടക്കം കൈവശമുള്ള കാണാതായ മാന്ത്രികനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ബ്രോഡ്ബീച്ചില് ജൂണ്‍ 14 മുതല്‍ കാണാതായ മാന്ത്രികന് ഡാനിയല്‍ ഹിഡനെ കണ്ടെത്തുന്നതിനായി ക്വീന്സ്ലാന്ഡ് പൊലീസാണ് സഹായം ചോദിച്ചിരിക്കുന്നത്. വിനോദമേഖലയില്‍ പ്രശസ്തനായ മെന്റലിസ്റ്റും ജാലവിദ്യകളില്‍ വിദഗ്ദ്ധനുമായ 26 കാരന് ഡാനിയല്‍ ഹിഡന്‍ ഈ മാസം ആദ്യം അപ്രത്യക്ഷനായത്.
ജൂണ്‍ 14-ന് പുലര്‍ച്ചെ 3 മണിയോടെ ഗോള്‍ഡ് കോസ്റ്റിലെ ബ്രോഡ്ബീച്ചിലുള്ള ചെല്‍സി അവന്യൂവിലെ ഒരു വിലാസത്തില്‍ നിന്ന് ഒരു ഗാലക്സി കാരവാന് ഘടിപ്പിച്ച വെള്ളി നിറത്തിലുള്ള ഹ്യുണ്ടായ് സാന്റാ ഫെ കാറിലാണ് ഡാനിയലിനെ അവസാനമായി കണ്ടത്. ''രൂപാന്തരീകരണത്തിന് അപ്രത്യക്ഷമാകല്‍ ആവശ്യമാണ്'' എന്ന ഒരു കുറിപ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ സന്ദേശം എപ്പോഴാണ് വെബ്സൈറ്റില്‍ വന്നതെന്നോ, ഇതിന് തിരോധാനവുമായി ബന്ധമുണ്ടോ എന്ന് വ്യക്തതയില്ല. ഡാനിയേലിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരമറിയിച്ചു.
പ്രാഥമിക അന്വേഷണത്തിന് ശേഷം, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കുറുംബിന് വാലിയിലെ കുറുംബിന് ക്രീക്ക് റോഡിലുള്ള ഒരു കാര്‍ പാര്‍ക്കില്‍ നിന്ന് ഡാനിയലിന്റെ ഹ്യുണ്ടായ് കാറും കാരവാനും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു. 'ജൂണ്‍ 14 ഞായറാഴ്ച മുതല്‍ ബ്രോഡ്ബീച്ചില് നിന്ന് കാണാതായ 26 കാരനെ കണ്ടെത്തുന്നതിനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. പുലര്‍ച്ചെ 3 മണിയോടെ ഡാനിയല്‍ ഹിഡന്‍ ചെല്‍സി അവന്യൂവിലെ ഒരു വിലാസത്തില്‍ നിന്ന് ക്വീന്സ്ലാന്ഡ് രജിസ്ട്രേഷനിലുള്ള വെള്ളി നിറത്തിലുള്ള ഹ്യുണ്ടായ് സാന്റാ ഫെ വാഗണില്‍ ഒരു ഗാലക്സി ബ്രാന്‍ഡ് കാരവാനും ഘടിപ്പിച്ച് പോയതാണ്.' ക്വീന്സ്ലാന്ഡ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
'ഇദ്ദേഹത്തിന്റെ വാഹനവും കാരവാനും ജൂണ്‍ 16 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കുറുംബിന് വാലിയിലെ കുറുംബിന് ക്രീക്ക് റോഡിലുള്ള ഒരു കാര്‍ പാര്‍ക്കില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.' ഏകദേശം 180 സെന്റീമീറ്റര്‍ ഉയരവും, ഇടത്തരം ശരീരപ്രകൃതിയും, ഒലീവ് നിറമുള്ള ചര്മ്മവുമുള്ളയാളാണ് ഡാനിയല്‍ ഹിഡന്‍. നീളമുള്ള കറുത്ത മുടിയും കറുത്ത താടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമുള്ള അദ്ദേഹത്തെ അവസാനമായി കാണുമ്പോള്‍ മെറൂണ്‍ നിറത്തിലുള്ള ടോപ്പും കറുത്ത കാര്‍ഗോ പാന്റ്സുമാണ് ധരിച്ചിരുന്നത്. 'അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.






