
കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോൾ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ് ലൈംഗികാതിക്രമക്കുറ്റം ചുമത്തി കേസെടുത്തത്. നിലവിൽ ഇയാൾ കൺട്രോൾ റൂമിലാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ലഭിച്ച പരാതിയിലാണ് രഞ്ജിത്തും ഒരു എ.എസ്.ഐയും സ്ഥലത്തെത്തിയത്. കുടുംബപ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതിനിടെ യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സംഭവത്തെ തുടർന്ന് യുവതി നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത (BNS) 75-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവസമയത്ത് നടക്കാവ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന രഞ്ജിത്തിനെ പിന്നീട് നടന്ന സ്ഥലംമാറ്റത്തിൽ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു.






