
കപൂര്‍ കുടുംബത്തില്‍ ജനിച്ച് പട്ടൗഡി കുടുംബത്തിലെ മരുമകളായി മാറിയ അഭിനേത്രിയാണ് കരീന കപൂര്‍ ഖാന്‍. ബോളിവുഡിന്റെ പവര്‍ കപ്പിളാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും. സെയ്ഫിന് എല്ലായ്പ്പോഴും കരുത്ത് പകരുന്ന ജീവിതപങ്കാളിയും, മക്കള്‍ക്ക് മികച്ച ഒരു അമ്മയും കരിയറില്‍ തിളങ്ങി നില്‍ക്കുന്ന ഒരു അഭിനേത്രിയും കൂടിയായ കരീന പ്രൊഫഷനും സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടു പോകുന്നതിനെപ്പറ്റി പലരും പ്രശംസിച്ച് പറയാറുണ്ട്. മക്കള്‍ക്കും ഭര്‍ത്താവായ സെയ്ഫ് അലി ഖാനുമൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ കരീന പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകൻ തൈമൂർ അലി ഖാനുമൊത്തുള്ള പ്ലേ ഡേറ്റിൽ നിന്നുള്ള ഒരു രസകരമായ ഒരു നിമിഷം പങ്കിടുകയാണ് കരീന കപൂര്‍ ഖാന്‍. ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വന്തം ബൗളിംഗ് കഴിവുകളെ പ്രശംസിക്കുന്ന താരം, തന്റെ ബൗളിംഗിനെ ഇന്ത്യൻ പേസ് താരം ജസ്പ്രീത് ബുംറയുമായി തമാശയായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
‘‘എന്റെ കഴിവിനെ കുറച്ചുകാണരുത്. ബുംറയ്ക്കൊപ്പം മത്സരിക്കാൻ എനിക്കും കഴിയും....’’ എന്ന ക്യാപ്ഷന്‍ നല്‍കി ബുംറയെ ടാഗ് ചെയ്താണ് കരീനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പിങ്ക് ഷർട്ടും നീല ജീൻസും ധരിച്ച കരീന, തൈമൂറിന് നേരെ പന്തെറിയുന്നത് ചിത്രത്തില്‍ കാണാം. അമ്മയുടെ പന്തിനെ ഫെയ്സ് ചെയ്യുന്ന തൈമൂര്‍ നെറ്റ്സിൽ തയ്യാറായി നിന്നു. ജബ് വി മെറ്റിലെ ‘മേൻ അപ്നി ഫേവറിറ്റ് ഹൂം’ എന്ന വരികള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് താരത്തിന്റെ പോസ്റ്റ്.
തൈമൂറിന് സിനിമയിൽ വലിയ താൽപ്പര്യമില്ലെന്നും ക്രിക്കറ്റിനോടും ഫുട്‌ബോളിനോടുമാണ് കൂടുതൽ അഭിനിവേശമെന്നും കരീന നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘രോഹിത് ശർമ്മയുമായും വിരാട് കോഹ്‌ലിയുമായും തനിക്ക് സുഹൃത്തുക്കളാണോ, അവരുമായി ഒരു ഫോൺ കോൾ അറേഞ്ച് ചെയ്യാമോ’ എന്നും തൈമൂർ പലപ്പോഴും ചോദിക്കാറുണ്ടെന്നും കരീന പറഞ്ഞിട്ടുണ്ട്.
തൈമൂറിന്റെ പരേതനായ മുത്തച്ഛൻ മൻസൂർ അലി ഖാൻ പട്ടൗഡിയും ഒരു പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ 2001 ൽ ബിസിസിഐ ഒരു മുൻ കളിക്കാരന് നൽകുന്ന പരമോന്നത ബഹുമതിയായ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളെന്ന നിലയിലും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായും പ്രശസ്തി നേടിയ ബൗളറാണ് ജസ്പ്രീത് ബുംറ. മാരകമായ യോർക്കറുകൾക്കും സമ്മർദ്ദ ഘട്ടങ്ങളിൽ പന്തെറിയാനുള്ള കഴിവിനും പേരുകേട്ട ബുംറ, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ പ്രിയപ്പെട്ട ബൗളറാണ്.






