
ബ്രിസ്റ്റോള്‍: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കും ജയം. ന്യൂസിലന്‍ഡ് സ്കോട്ട്ലന്‍ഡിനെ ആറ് വിക്കറ്റിനും ശ്രീലങ്ക അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിനും തോല്‍പ്പിച്ചു.
ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് വനിതകള്‍ ഏഴ് വിക്കറ്റിന് 131 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കളി തീരാന്‍ 10 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഇസി ഷാര്‍പ് (43 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 62), ബ്രൂക് ഹാലിഡെ (38 പന്തില്‍ പുറത്താകാതെ 41) എന്നിവരാണു വിജയ ശില്‍പ്പികള്‍.
നായികയും ഓപ്പണറുമായ മെലിയ കെര്‍ (രണ്ട്), സോഫി ഡെവിന് (ഒന്ന്), ഇസബെല ഗാസെ (16) ്എന്നിവര്‍ നിറംമങ്ങിയിരുന്നു. സ്കോട്ട്ലന്‍ഡിനായി കാതറീന് ബ്രൈസും റേചല്‍ സ്ലാട്ടറും രണ്ട് വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ന്യൂസിലന്‍ഡ് നായിക മെലിയ കെര്‍ സ്കോട്ട്ലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ഡാഴ്സി കാര്‍ട്ടറുടെ (52 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം പുറത്താകാതെ 72) പ്രകടനമാണു സ്കോട്ടിഷ് വനിതകളെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. സാറാ ബ്രൈസ് 22 പന്തില്‍ 25 റണ്ണെടുത്തു. നായിക കാതറീന് ബ്രൈസിന് അഞ്ച് റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ലങ്കയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റിന് 130 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്ക 15.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. നായികയും ഓപ്പണറുമായ ചാമരി അട്ടപ്പാട്ടു സെഞ്ചുറിയുമായിനിന്നു. 61 പന്തില്‍ രണ്ട് സിക്സറും 17 ഫോറുമടക്കം 106 റണ്ണെടുക്കാന്‍ ചാമരിക്കായി. നിലാക്ഷിക സില്‍വ നാല് റണ്ണെടുത്തു. ഇമേഷ ദുലാനി 27 പന്തില്‍ 20 റണ്ണെടുത്തു പുറത്തായി.





