
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള എസ്‌എഫ്‌ഐ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരന്റെ കൈവിരൽ അറ്റുപോയി. എആർ ക്യാമ്പിലെ സിപിഒ അച്ചുവിന്റെ (31) വലതു കൈയിലെ മോതിരവിരലാണ് അറ്റത്. ഇന്നലെ നടന്ന മാർച്ചിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരന്റെ കൈ ഇടയിൽ കുടുങ്ങുകയായിരുന്നു.
ശ്രീകാര്യം ശാസ്താംകോണത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സർവകലാശാലയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. എന്നാൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷ കാരണമായി. പ്രതിഷേധക്കാർ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകൾ ഭാഗം ഇതിനിടയിൽ പെട്ടുപോകുകയുമായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.
ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച മാർച്ച് നടത്തിയത്. ഈ മാസം 27 ന് വി.സിയുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.






