
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയില്‍ പുറത്തിറക്കിയ എസ്യുവിയായിരുന്നു സിറോസ് (Kia Syros SUV). സിറോസിന്റെ 2026 മോഡലുമായി കമ്പനി എത്തുകയും ചെയ്തിരുന്നു.
സിറോസിന്റെ വില വര്‍ധിപ്പിച്ച് വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തിയിരിക്കുകയാണ് കിയ. ക്രോസ്ഓവര്‍ എസ്യുവിയുടെ എല്ലാ വകഭേദങ്ങളിലും ഇപ്പോള്‍ 2,000 രൂപയുടെ ഏകീകൃത വില വര്‍ധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ മോഡലിന്റെ ഇന്ത്യയിലെ പുതുക്കിയ എക്‌സ്‌ഷോറൂം വില 8.42 ലക്ഷം മുതല്‍ 15.82 ലക്ഷം രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. സിറോസിന്റെ 2026 പതിപ്പ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിലക്കയറ്റവും.
വില കൂട്ടിയെങ്കിലും എസ്യുവിക്ക് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. മോഡല്‍ ഇയര്‍ അപ്ഡേറ്റിന്റെ ഭാഗമായി കിയ സിറോസിലേക്ക് HTE, HTE(O), HTK+(O), HTX(O) എന്നീ പുതിയ വകഭേദങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഐവറി സില്‍വര്‍ മാറ്റ്, ഐവറി സില്‍വര്‍ ഗ്ലോസ്, മാഗ്മ റെഡ് എന്നീ മൂന്ന് അധിക എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും വാഹനം ഇപ്പോള്‍ തെരഞ്ഞെടുക്കാനാവുന്നതാണ്. റീഡിസൈന്‍ ചെയ്ത ബമ്പര്‍, ബോഡി കളര്‍ എയ്റോ ഇന്‍സേര്‍ട്ടുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ച ഗ്ലോസി ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകള്‍, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകള്‍, ഒആര്‍വിഎമ്മുകള്‍, ബോഡി കളര്‍ സൈഡ് ഗാര്‍ണിഷുകള്‍, എല്‍ഇഡി ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയെല്ലാമാണ് 2026 മോഡല്‍ കിയ സിറോസിലേക്ക് എത്തിയ എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍.
80-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകള്‍, OTA അപ്ഡേറ്റുകള്‍, കിയ കണക്റ്റ് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും സിറോസില്‍ ഇപ്പോള്‍ ലഭ്യമാണ്. 2026 മോഡലില്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കിയ സിറോസിലെ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തില്‍ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ 115 bhp പവറില്‍ 250 Nm torque ആണ് നല്‍കുന്നത്.
ഡീസലില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നതെങ്കിലും ഉപയോക്താക്കള്‍ക്ക് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് പറയുമ്പോള്‍ 7 സ്പീഡ് ഡിസിടി മോഡലുകള്‍ 17.68 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഡീസല്‍ വേരിയന്റ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി 20.75 കിലോമീറ്റര്‍ മൈലേജും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി 17.65 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നുവെന്നും കിയ പറയുന്നു.
ൃ






